സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് സ്ഥിരമായി ശല്യപ്പെടുത്തിയ മധ്യവയസ്കനെ പെണ്‍കുട്ടിയും ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് വിളിച്ചുവരുത്തി കൈകാര്യം ചെയ്തു. തിരുവനന്തപുരത്ത് തിരുവല്ലത്താണ് സംഭവം.
നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീ(50)മിനെ ആണ് പതിനേഴുകാരിയുടെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വിതുര സ്വദേശിയായ പെണ്‍കുട്ടി ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. തിരുവനന്തപുരത്ത് തിരുവല്ലം പോലീസ് സ്റ്റേഷന് പരിധിയിലെ ജഡ്ജിക്കുന്നില് വച്ചാണ് ‘ക്വട്ടേഷന്‍’ നടപ്പാക്കിയത്. റഹീം സിനിമാ പ്രൊഡക്ഷന്‍ മേഖലയിലാണു ജോലി ചെയ്യുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങി. റഹിം മൊബൈല്‍ ഫോണില്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ അതിരുവിട്ടതോടെയാണ് ബന്ധുവിനെ കാര്യങ്ങള്‍ അറിയിച്ചത്.
ഇതിന് ശേഷം റഹീമിനോട് ജഡ്ജിക്കുന്നിലേക്ക് എത്താന്‍ പെണ്‍കുട്ടി ഫോണില്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഇവിടെയെത്തിയ റഹീമിനെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ സ്ഥലംവിട്ടു. രാത്രിയോടെ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചു കിടന്ന റഹീമിനെ കണ്ടത്. റഹീമിന്റെ വലതുകൈയും വലതുകാലും സംഘം കമ്പുകളുപയോഗിച്ച് അടിച്ചു പൊട്ടിച്ചു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായോ എന്ന് പോലീസ് പരിശോധിക്കും. ഇല്ലാത്ത പക്ഷം റഹിമിനെതിരേ പോക്സോ കേസ് എടുക്കേണ്ടി വരും.
റഹീമിനെ വിദഗ്ധ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തിരുന്നു. പിന്നാലെ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. വിതുരയിലെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുണ്ടായിരുന്നു. പിന്നാലെ മറ്റുള്ളവരേയും കസ്റ്റഡിയില്‍ എടുത്തു.




