Celebrity

ബേബി ബംമ്പ് ട്രോളിംഗില്‍ നിശബ്ദത ലംഘിച്ച് ദീപിക പദുക്കോണ്‍ : ‘ഞാന്‍ പോകുന്നു…’

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. താരത്തിനിപ്പോള്‍ അഞ്ചാം മാസമാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു.

നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിട്ടും, വരാനിരിക്കുന്ന ഒരു ലൈവ് സെഷനെ കുറിച്ച് ആരാധകരെ അറിയിക്കാന്‍ ദീപിക വ്യാഴാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ചെറിയൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഹായ്, ഞാന്‍ നാളെ തത്സമയം എത്തുന്നു… അതിനാല്‍ കാത്തിരിക്കൂ! ശരി ബൈ,” – എന്നാണ് ദീപിക കുറിച്ചിരിയ്ക്കുന്നത്. ഇതേക്കുറിച്ച് താരം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ലൈവ് സെഷനില്‍ ദീപിക ട്രോളന്മാരെ അഭിസംബോധന ചെയ്യുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് ഇരയായ ദീപികയ്ക്ക് പിന്തുണയുമായി നടി ആലിയ ഭട്ട് എത്തിയിരുന്നു. നടി തുടര്‍ച്ചയായി ട്രോളിംഗിന് ഇരയായതോടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഫെയ് ഡിസൂസയും രംഗത്ത് എത്തിയിരുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അവര്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിയ്ക്കുകയും. ദീപികയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.