കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിലുള്ള മനോവിഷമം മൂലമാണ് ബസ് യാത്രികന്‍ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതെന്നു കേസിലെ പ്രതി ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ്. ഷിംജിത ബസിലെ ഏഴ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍, അസ്വാഭാവികമായൊന്നും നടന്നതായി ബസിലെ സി.സി. ടിവി ദൃശ്യങ്ങളിലില്ല.
ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചാണ് ഷിംജിത വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകാനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനഹാനി നേരിട്ടയാള്‍ ആത്മഹത്യ ചെയ്‌തേക്കാമെന്ന വ്യക്തമായ അറിവോടെയും ബോധത്തോടെയുമാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അതിക്രമം നേരിട്ടെങ്കില്‍ പോലീസില്‍ പരാതിപ്പെടണമെന്ന അറിവുണ്ടായിട്ടും പ്രതി അപ്രകാരം ചെയ്തില്ല. സംഭവം വിവാദമായപ്പോള്‍ ഫെയ്‌സ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും ദൃശ്യങ്ങള്‍ നീക്കംചെയ്തു.
മുന്‍ പഞ്ചായത്തംഗവും ബിരുദാനന്തരബിരുദധാരിയുമായ പ്രതിക്ക്, ഇത്തരം വീഡിയോ പ്രചരിച്ചാല്‍ യുവാവ് ആത്മഹത്യ ചെയ്‌തേക്കാമെന്ന ധാരണയുണ്ടായിരുന്നു. ദുരനുഭവം ഉണ്ടായെങ്കില്‍ത്തന്നെ, നിയമത്തെക്കുറിച്ച് വ്യക്തമായ അവബോധമുള്ള പ്രതി പോലീസിനേയോ നിയമാധികാരികളേയോ സമീപിക്കാന്‍ ശ്രമിച്ചില്ല. ബസിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ ദീപക്കും ഷിംജിതയും ബസില്‍ കയറുന്നതും സ്വാഭാവികമായി ഇറങ്ങിപ്പോകുന്നതും കാണാം. എന്തെങ്കിലും ഉപദ്രവമുണ്ടായെന്ന് യുവതി പറഞ്ഞിട്ടില്ലെന്നാണ് ബസ് ജീവനക്കാരുടെ മൊഴി.
ജാമ്യം ലഭിച്ചാല്‍ പ്രതി വീണ്ടും ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടേക്കാം. മറ്റ് സ്ത്രീകളും ഇത്തരം പ്രവൃത്തികളിലേര്‍പ്പെട്ട് കൂടുതല്‍ ആത്മഹത്യകളുണ്ടാകും. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുള്ളതിനാല്‍ പ്രതിക്കു ജാമ്യം നല്‍കരുതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.




