ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഫോം ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇന്ത്യന്‍ ആരാധകരെയാണ്. ജയിക്കുന്ന മത്സരങ്ങളിലെല്ലാം പടുകൂറ്റന്‍ റണ്‍റേറ്റില്‍ കുതിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡീകോക്ക് ബംഗ്ളാദേശിനെതിരേയും സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ കുറിച്ച ഇന്ത്യന്‍ നായകന് രോഹിതിന്റെ റെക്കോഡ് തകരുമോ എന്നാണ് ആശങ്ക.ലോകകപ്പില്‍ ഡീകോക്ക് നേടുന്ന മൂന്നാം സെഞ്ച്വറിയാണ് ഇത്.
140 പന്തുകളില്‍ 174 റണ്‍സാണ് ഡീകോക്ക് അടിച്ചു കൂട്ടിയത്. 15 ബൗണ്ടറികളും ഏഴു സിക്സറുകളുമാണ് ഡീകോക്കിന്റെ ബാറ്റില്‍ നിന്നും പറന്നത്. നെതര്‍ലാന്‍ഡ്സിനും ഇംഗ്ലണ്ടിനുമെതിരെ മുമ്പത്തെ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന് ശേഷം അഞ്ചാമത്തെ മത്സരത്തില്‍ ഫോമിലേക്ക് ഉജ്വല മടങ്ങി വരവാണ് താരം നടത്തിയത്. ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 100 റണ്‍സ് നേടിയാണ് ഡി കോക്ക് തുടക്കമിട്ടത്. പിന്നാലെ ലഖ്നൗവില്‍ ഓസ്ട്രേലിയയ്ക്കെതിരെ 109 റണ്‍സും നേടി. നെതര്‍ലന്‍ഡ്സുമായുള്ള അടുത്ത ഏറ്റുമുട്ടലില്‍ 20 റണ്‍സിന് പുറത്തായി. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ നാലു റണ്‍സിനും പുറത്തായി.
ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുന്ന ഡീകോക്ക് രോഹിത് ശര്‍മ്മയെ മറികടക്കുമോ എന്നാണ് ആശങ്ക. ആഗോള മത്സരത്തിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ രോഹിത് ശര്‍മ്മയാണ് മുന്നില്‍. 2019 ലോകകപ്പില്‍ അഞ്ച് ശതകം നേടിയിരുന്നു. ഡീകോക്കിന്റെ മികവില്‍ 382 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ളാദേശിന് മുന്നിലേക്ക് വെച്ചിരിക്കുന്നത്. നായകന് മാര്‍ക്രം 60 റണ്‍സും ക്ലാസന് 90 റണ്‍സും ഡേവിഡ് മില്ലര്‍ 34 റണ്‍സും നേടി.