Featured Sports

അഞ്ചു വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് മില്ലര്‍, പാഴായെങ്കിലും പിറന്നത് അനേകം നാഴികക്കല്ലുകള്‍

ന്യൂഡല്‍ഹി: ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ശ്വാസം വീണ്ടെടുത്ത് ടീമിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തതിലൂടെ ഡേവിഡ് മില്ലര്‍ കുറിച്ചത് ചരിത്രം. 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്റെ അഞ്ച് വര്‍ഷത്തെ തന്റെ തന്നെ സെഞ്ച്വറി വരള്‍ച്ച മറികടന്ന മില്ലര്‍ ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന താരമായും മാറി.

ലോകകപ്പ് സെമിഫൈനലില്‍ ഓസീസിനെതിരായ നിര്‍ണായക സെഞ്ച്വറിയിലൂടെ മില്ലര്‍ ഒന്നിലധികം റെക്കോര്‍ഡുകള്‍ തകര്‍ത്തു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായാണ് മില്ലര്‍ മാറിയത്. 2015ലെ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ 82 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസാണ് കൂടുതല്‍ റണ്‍നേടിയതാരം. മില്ലര്‍ ഈ റെക്കോഡ് മറികടന്നു.ഏകദിന ലോകകപ്പില്‍ ചരിത്ര സെഞ്ച്വറി രേഖപ്പെടുത്താന്‍ സൂപ്പര്‍ താരം മില്ലര്‍ പേസര്‍ കമ്മിന്‍സിന്റെ പന്തില്‍ കൂറ്റന്‍ സിക്സ് പുകച്ചു.

ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ പ്രോട്ടീസ് ബാറ്ററായിട്ടാണ് ഇതോടെ മില്ലര്‍ മാറിയത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ 2002, 1998 പതിപ്പുകളില്‍ ഹെര്‍ഷല്‍ ഗിബ്സും (ഇന്ത്യയ്ക്കെതിരെ 116*) ജാക്ക് കാലിസും (113* ശ്രീലങ്കയ്ക്ക് എതിരേ) സെഞ്ച്വറി നേടി. 24 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായ ഘട്ടത്തില്‍ നിന്നുമാണ് ദക്ഷിണാഫ്രിക്കയെ 203 എന്ന മികച്ച സ്‌കോറിലേക്ക് മില്ലര്‍ നയിച്ചത്. ഓള്‍ഔട്ടാകുന്നതുവരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ മില്ലറുടെ ഒറ്റയാള്‍ പ്രകടനത്തിന് ദക്ഷിണാഫ്രിക്ക പൊരുതുകയായിരുന്നു. ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനം നടത്തുന്നതിന് മുമ്പ്, 2018-ലാണ് മില്ലര്‍ അവസാനമായി സെഞ്ച്വറി നേടിയത്.