Healthy Food

ചെറുപ്പം നിലനിര്‍ത്താന്‍ ഡാര്‍ക്ക്‌ ചോകേ്ലറ്റ്‌ കഴിക്കാം!

ലണ്ടന്‍: ഡാര്‍ക്ക്‌ ചോകേ്ലറ്റ്‌ പ്രായമാകുന്നത്‌ സാവധാനത്തിലാക്കുമെന്നു ഗവേഷകര്‍. ഡാര്‍ക്ക്‌ ചോകേ്ലറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ തിയോബ്രോമിന്‍ എന്നൊരു രാസവസ്‌തു അടങ്ങിയിട്ടുണ്ട്‌.

സസ്യങ്ങള്‍ സ്വാഭാവികമായി ഉത്‌പാദിപ്പിക്കുന്ന ഒരു സംയുക്‌തമാണിത്‌. ആ സംയുക്‌തം ചോകേ്ലറ്റ്‌ കഴിക്കുന്നവരുടെ ജൈവിക പ്രായം കുറയ്‌ക്കുന്നു എന്നാണു കണ്ടെത്തല്‍. കാലക്രമേണ കോശങ്ങള്‍ക്കുണ്ടായ നാശത്തിന്റെ അളവാണ്‌ ജൈവിക പ്രായം എന്നത്‌. പ്രായമാകുന്നത്‌ തിയോബ്രോമിന്‍ എങ്ങനെയാണു തടയുന്നതെന്നു ശാസ്‌ത്രജ്‌ഞര്‍ക്കു വ്യക്‌തമായി അറിയില്ല.

മധുരം ചേര്‍ക്കാത്ത ചോകേ്ലറ്റിന്റെ കയ്‌പേറിയ രുചിക്ക്‌ കാരണം തിയോബ്രോമിന്‍ ആണ്‌. അത്‌ ഉയര്‍ന്ന അളവില്‍ കൊക്കോ അടങ്ങിയ ചോകേ്ലറ്റില്‍ മാത്രമേ കാര്യമായ അളവില്‍ കാണപ്പെടുന്നുള്ളൂ. ‘ഡാര്‍ക്ക്‌ ചോകേ്ലറ്റ്‌ കൂടുതല്‍ കഴിക്കണമെന്ന്‌ ഞങ്ങള്‍ നിര്‍ദേശിക്കുന്നില്ല. ഭക്ഷണം എങ്ങനെ ആരോഗ്യകരമാക്കാം എന്നാണു ഞങ്ങള്‍ പഠിച്ചത്‌’-ലണ്ടന്‍ കിങ്‌സ്‌ കോളജിലെ എപ്പിജെനോമിക്‌സ്‌ പ്രഫസര്‍ കൂടിയായ ജോര്‍ദാന ബെല്‍ പറഞ്ഞു.പഠനം രണ്ട്‌ വിഭാഗങ്ങളില്‍നിന്നുള്ള 1,669 പേരെയാണു നിരീക്ഷിച്ചത്‌. അവര്‍ക്ക്‌ ശരാശരി 60 വയസായിരുന്നു പ്രായം.

കണ്ടെത്തലുകള്‍ അനുസരിച്ച്‌, രക്‌തത്തില്‍ ഉയര്‍ന്ന അളവില്‍ തിയോബ്രോമിന്‍ ഉള്ളവരുടെ ജൈവിക പ്രായം അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ കുറവായിരുന്നു. തിയോബ്രോമിന്‍ മനുഷ്യരുടെ ഹൃദ്രോഗ സാധ്യതയും കുറയ്‌ക്കും. (നായകള്‍ക്ക്‌ അത്‌ വിഷം സമാനമാണ്‌).