Oddly News

ഹൈവേയിൽ അപകടകരമായി സാരിയുടുത്ത് നൃത്തം ചെയ്യുന്ന യുവതി: ഇങ്ങനെയുണ്ടോ ഒരു വട്ടെന്ന് സോഷ്യൽ മീഡിയ- വീഡിയോ

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനും ലൈക്കുകൾ വാരിക്കൂട്ടനുമായി പൊതുനിരത്തുകളിൽ ആളുകൾ കാണിച്ചു കൂട്ടുന്ന അഭ്യാസങ്ങൾക്ക് കൈയ്യും കണക്കുമില്ല. ബൈക്ക് സ്റ്റണ്ടുകളിൽ തുടങ്ങി തിരക്കേറിയ നിരത്തുകളില്‍ അരങ്ങേറുന്ന പാട്ടും നൃത്തവും വരെ ഇതിൽപെടുന്നു. ജീവൻപോലും അപകടത്തിലാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ അധികൃതർ എത്രയൊക്കെ നടപടി സ്വീകരിച്ചിട്ടും മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അത് ഗൗരവത്തിൽ എടുക്കാറില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പങ്കുവെക്കപ്പെട്ട ഒരു വീഡിയോ. ഏതായാലും ആളുകളുടെ ഇത്തരം ഭ്രാന്തുകൾ സ്വയം സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകും എന്നാണ് പലരും വിഡിയോയുടെ കമന്റിൽ കുറിച്ചത്.

@Nishantjournali എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു തിരക്കേറിയ ഹൈവേയുടെ നടുവിൽ ജനപ്രിയ ബോളിവുഡ് ഗാനമായ “ശിഷേ കി ഉമർ” എന്ന ഗാനത്തിന് ആവേശത്തോടെ നൃത്തം ചെയ്യുന്ന ഒരു സ്ത്രീയെയാണ് കാണുന്നത്. ചുറ്റും വാഹനങ്ങൾ പോകുന്നതോ, അപകടം വരാൻ സാധ്യതയുണ്ടെന്നോ ഒന്നും ഈ സ്ത്രീ ചിന്തിക്കുന്നേയില്ല എന്നാണ് അവരുടെ നൃത്തം കാണുമ്പോൾ മനസിലാകുന്നത്.

ഡാൻസ് കളിക്കുന്നതിനിടയിൽ ഈ സ്ത്രീയുടെ പിന്നിലായി ഒരു പുരുഷൻ നിൽക്കുന്നതും കാണാം. സ്ത്രീയുടെ അംഗരക്ഷകനെപ്പോലെ തോന്നുന്ന ഇയാൾ അവളുടെ ആഹ്ലാദകരമായ പ്രകടനത്തെ നോക്കി നിൽക്കുകയാണ്. തിരക്കേറിയ ഹൈവേയുടെ പശ്ചാത്തലത്തിൽ അശ്രദ്ധമായി നൃത്തം ചെയ്യുന്നത് സോഷ്യൽ മീഡിയയില്‍ പ്രശസ്തിക്ക് വേണ്ടി ആളുകൾ എത്രത്തോളം പോകുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഈ ദൃശ്യങ്ങൾ. വീഡിയോയ്‌ക്കൊപ്പമുള്ള നിശാന്തിന്റെ വാചകം ഈ സംഭവത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു. “ഒരു റീൽ നിർമ്മിക്കാൻ അവൾ ഹൈവേ കുലുക്കി.” എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.

പ്രശസ്തിക്ക് പിന്നാലെ പായുമ്പോഴുണ്ടാകുന്ന അശ്രദ്ധയെ വ്യക്തമായി ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും വീഡിയോ വൈറലാണ്. ട്രാഫിക് സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കാത്ത സ്വതന്ത്ര മനോഭാവം അവളുടെ ജീവനും വഴിയാത്രക്കാരുടെ ജീവിതവും അപകടത്തിലാക്കുന്നു. സർഗ്ഗാത്മകതയ്ക്കും അശ്രദ്ധയ്ക്കും ഇടയിലുള്ള ഇത്തരം പൊതു പ്രദർശനം അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമായെന്നുവരും.

ലൈക്കുകൾക്കും ഷേറുകൾക്കുമപ്പുറം ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമായി വീഡിയോ മാറിക്കഴിഞ്ഞു. അടുത്ത വൈറൽ സോഷ്യൽ മീഡിയ താരമാകാനുള്ള ആഗ്രഹം നല്ലതാണെങ്കിലും ഇത്തരം ത്രില്ലുകളുടെ അനന്തരഫലങ്ങൾ ഗുരുതരമായിരിക്കും. അതിനാൽ ഇത്തരക്കാർക്ക് ഇത് സംബന്ധിച്ച് അവബോധം നൽകേണ്ടത് പരമപ്രധാനമാണ്