Health

ആരോഗ്യമുള്ളവര്‍ മീന്‍ ഗുളിക കഴിക്കുന്നത് അപകടം; ഹൃദ്രോഗ സാദ്ധ്യത

ആരോഗ്യം കാത്തുസൂക്ഷിക്കാനായി കഷ്ടപ്പെടുന്നവരാണ് അധികവും. അതിനായി പല വഴികളും നമ്മള്‍ ശ്രമിക്കാറുമുണ്ട്. സാല്‍മണ്‍, മത്തി, ട്രൗട്ട് പോലുള്ള മീനുകളില്‍ നിന്നുണ്ടാക്കുന്ന മീന്‍ ഗുളികകള്‍ ഒരു ആരോഗ്യ സപ്ലിമെന്റായി ഉപയോഗിക്കപ്പെടാറുണ്ട്. ഇവയ്ക്ക് ശരീരത്തിലുള്ള നീര്‍ക്കെട്ട് അകറ്റാനുള്ള കഴിവുള്ളതിനാല്‍ ഹൃദ്രോഗം , രക്തസമ്മര്‍ദ്ദം, അസാധാരണമായ ലിപിഡ് തോത്, ആമവാതം പോലുള്ള രോഗമുള്ളവര്‍ക്കായി ഡോക്ടറുമാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ആരോഗ്യമുള്ളവര്‍ ഇത് കഴിക്കുന്നത് പക്ഷാഘാതം പോലുള്ള രോഗങ്ങളെ വിളിച്ച് വരുത്തുന്നതിന് കാരണമാകാറുണ്ട്.

ആരോഗ്യമുള്ളവർ ഇത് കഴിക്കുന്നതിലൂടെ ഫാറ്റി ആസിഡുകളുടെ സന്തുലനം തെറ്റുന്നതാകാം ഹൃദ്രോഹം സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. അതേ സമയം തന്നെ ഹൃദ്രോഹമുള്ളവരില്‍ താളം തെറ്റിയ ഹൃദയമിടിപ്പ് ഹൃദയാഘാതത്തിലേക്ക് പോകാനുള്ള സാധ്യത ഏകദേശം 15 ശതമാനത്തോളം കുറയ്ക്കാന്‍ മീൻ ഗുളികകള്‍ നിത്യമായി ഉപയോഗിക്കുന്നത് സഹായിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടാതെ ഹൃദയസ്തംഭനംമരണത്തിലേക്ക് നയക്കാനുള്ള സാധ്യതയും 9 ശതമാനത്തോളം മീന്‍ഗുളികകളുടെ ഉപയോഗത്തിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യു.കെ ബയോബാങ്ക് 4,15,737 പേരുടെ ഡേറ്റാ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഇവരില്‍ 55 ശതമാനത്തോളം ആളുകള്‍ 40നും 69നും ഇടയില്‍ പ്രായമുള്ള വനിതകളായിരുന്നു. ഇവരില്‍ മൂന്നിലൊരു ഭാഗം ആള്‍ക്കാരും നിത്യവും മീന്‍ ഗുളിക കഴിച്ചിരുന്നവരാണ്. പഠനത്തിന്റെ തുടക്കത്തില്‍ ഹൃദ്രോഗമില്ലാതിരുന്നവര്‍ക്ക് നിത്യവുമുള്ള മീന്‍ ഗുളിക ഉപയോഗം മൂലം താളം തെറ്റിയ ഹൃദയമിടിപ്പിനുള്ള സാധ്യത 13 ശതമാനവും പക്ഷാഘാതത്തിനുള്ള സാധ്യത അഞ്ച് ശതമാനവും വര്‍ദ്ധിച്ചതായാണ് ഗവേഷകര്‍ കണ്ടെത്തിയത്.