Featured Good News

ചർച്ച് ഓഫ് ഇംഗ്ലണ്ടിന് പുതിയ നായിക; ആദ്യവനിത ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളി

ലണ്ടന്‍: കാന്റര്‍ബറിയിലെ ആദ്യ വനിതാ ആര്‍ച്ച്‌ ബിഷപ്പിനെ നിയോഗിച്ച്‌ ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട് ചരിത്രം സൃഷ്‌ടിച്ചു. ലണ്ടന്‍ ബിഷപ്‌ സാറ മുല്ലള്ളിയാണ്‌ പുതുനിയോഗം. ലോകമെമ്പാടുമുള്ള 165 രാജ്യങ്ങളിലായുള്ള 85 ദശലക്ഷം ആംഗ്ലിക്കന്‍ സഭാംഗങ്ങളെ ഇനി ബിഷപ്‌ മുല്ലള്ളി നയിക്കും.

സഭയുമായി ബന്ധപ്പെട്ട ബാരിസ്‌റ്റര്‍ ഉള്‍പ്പെട്ട ബാലപീഡനക്കേസിന്റെയും അത്‌ മൂടിവയ്‌ക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകളുടെയും പശ്‌ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്‌ റവ. ജസ്‌റ്റിന്‍ വെല്‍ബി രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ യു.കെയില്‍ ഉടനീളം നടന്ന കൂടിയാലോചനകള്‍ക്കൊടുവിലാണ്‌ ലണ്ടന്‍ ബിഷപ്‌ സാറ മുല്ലള്ളിയെ ഈ പദവിയിലേക്കു നിയമിക്കുന്നത്‌.

2026 ജനുവരിയില്‍ ലണ്ടനിലെ സെന്റ്‌ പോള്‍സ്‌ കത്തീഡ്രലിലാണ്‌ സാറ മുല്ലള്ളിയുടെ തെരഞ്ഞെടുപ്പ്‌ സ്‌ഥിരീകരണം. അതുവരെ അറുപത്തിമൂന്നുകാരിയായ മുല്ലള്ളി കാന്റര്‍ബറിയുടെ നിയുക്‌ത ആര്‍ച്ച്‌ ബിഷപ്പായി അറിയപ്പെടും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കാന്റര്‍ബറി കത്തീഡ്രലില്‍ ഔപചാരികമായ പ്രതിഷ്‌ഠാ ശുശ്രൂഷ നടക്കും. വോക്കിങ്ങില്‍ ജനിച്ച സാറ മുല്ലള്ളി 2018-ല്‍ ആണ്‌ ലണ്ടന്‍ ബിഷപ്പായത്‌. ആ പദവിയിലേക്ക്‌ നിയമിതയായ ആദ്യ വനിതയും മുല്ലള്ളി ആയിരുന്നു.

അതിനുമുമ്പ്‌ എക്‌സെറ്റര്‍ രൂപതയിലെ ക്രെഡിറ്റണ്‍ ബിഷപ്പായിരുന്നു. 2001-ല്‍ നിയമിക്കപ്പെടുന്നതിന്‌ മുമ്പ്‌ യു.കെ സര്‍ക്കാരിന്റെ ചീഫ്‌ നഴ്‌സിങ്‌ ഓഫീസറായും പ്രവര്‍ത്തിച്ചു. അന്ന്‌ 37 വയസുള്ള മുല്ലള്ളി ആ പദവിയിലേക്ക്‌ നിയമിതയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയായിരുന്നു. മുമ്പ്‌ കാന്‍സര്‍ നഴ്‌സായും മുല്ലള്ളി പേരെടുത്തിരുന്നു. ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌, ഗ്ളോബല്‍ ആംഗ്ലിക്കന്‍ കമ്മ്യൂണിയന്‍, കാന്റര്‍ബറി രൂപത എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കാന്റര്‍ബറിയിലെ ക്രൗണ്‍ നോമിനേഷന്‍ കമ്മിഷന്‍ (സി.എന്‍.സി) ആണ്‌ പൊതുജനാഭിപ്രായം തേടിയശേഷം ബിഷപ്‌ സാറയെ നാമനിര്‍ദേശം ചെയ്‌തത്‌.