ഹോളിവുഡില്‍ സ്വജനപക്ഷപാത വിമര്‍ശനം കേട്ടു കേട്ടു നടി ഡെക്കോട്ടാ ജോണ്‍സണ് മടുത്തു. ഇക്കാര്യത്തില്‍ നടി തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി. പ്രേക്ഷകരെ തേടിയെത്താന്‍ പോകുന്ന ‘മാഡം വെബ്’ ആണ് നടിയുടെ പുതിയ ചിത്രം. ഹോളിവുഡ് താരങ്ങളായ മെലാനിയ ഗ്രിഫിത്തിന്റെയും ഡോണ്‍ ജോണ്‍സന്റെയും മകളായ ഡെക്കോട്ടയും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ഹോളിവുഡ് താരമായി മാറിയ നടിയാണ്.
അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിയില്‍ തന്നെ അഭിമുഖം ചെയ്യാനെത്തിവരോട് നടി സ്വജനപക്ഷപാതത്തെക്കുറിച്ച് പറയരുതെന്നും മറുപടി പറഞ്ഞ് തനിക്ക് ബോറടിച്ചെന്നും മറ്റെന്തെങ്കിലും വിഷയം സംസാരിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുകപോലും ചെയ്തു. സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ ഹാസ്യനടന്‍മാരായ ജോണ്‍ ഹിഗ്ഗിന്‍സ്, മാര്‍ട്ടിന്‍ ഹെര്‍ലിഹി എന്നിവര്‍ക്കൊപ്പം പരിപാടിയില്‍ നില്‍ക്കുമ്പോഴായിരുന്നു സ്വജന പക്ഷപാതത്തെക്കുറിച്ച് നടിയുടെ പരാമര്‍ശം വന്നത്.
പിതാവ് പോക്കറ്റ്മണി തരുന്നത് നിര്‍ത്തിയപ്പോഴാണ് താന്‍ കോളേജില്‍ പോകാതെ സിനിമയിലേക്ക് ഇറങ്ങിയതെന്നും നടി പറഞ്ഞു. സാമ്പത്തീകമായി പിതാവ് സഹായിക്കാത്ത സ്ഥിതി വന്നതോടെ കോളേജില്‍ പോയി പഠിക്കുന്നതിന് പകരം താന്‍ അഭിനയം തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. അതേസമയം വര്‍ഷങ്ങളായി ഹോളിവുഡിലെ സ്വജനപക്ഷപാത വിഷയത്തില്‍ ഇതേ ചര്‍ച്ചകള്‍ക്ക് ഇരയായവര്‍ അനേകയാണ്. ദി ഐഡല്‍ നടി ലില്ലിറോസ്, ദി ബാറ്റ്മാന്‍ നടി സൂ ക്രാവിറ്റ്‌സ്, യൂഫോറിയ നടി മൗദേ അപ്പാറ്റോ, ഹെയ്‌ലി ബീബര്‍, കെന്‍ഡല്‍ ജെന്നര്‍ എന്നിങ്ങനെ അനേകരാണ് ഇതിനകം സ്വജനപക്ഷപാത വിഷയത്തില്‍ വീണത്.