Oddly News

മകള്‍ക്ക് വിമാനം പറത്തണമെന്ന് മോഹം; വീട്ടിനുള്ളില്‍ ഒരു കോക്പിറ്റ് നിര്‍മ്മിച്ചു അച്ഛന്‍

ഒരു പൈലറ്റാകാന്‍ ”മിടുക്കില്ല” എന്ന് സ്‌കൂളില്‍ വിധിക്കപ്പെട്ട ഇംഗ്ലീഷുകാരന്‍ സ്‌പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിച്ച് മകള്‍ക്ക് വേണ്ടി വീടിനുള്ളില്‍ അവിശ്വസനീയമായ ഫ്‌ളൈറ്റ് സിമുലേറ്റര്‍ നിര്‍മ്മിച്ചു. വിമാനം പറപ്പിക്കണമെന്ന മകളുടെ അദമ്യമായ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ ക്രെയ്ഗ് കല്ലിംഗ്‌വര്‍ത്ത് എന്നയാളാണ് ബോയിംഗ് 737-800 എന്‍ജി കോക്ക്പിറ്റിന്റെ മാതൃകയില്‍ ഇത് നിര്‍മ്മിച്ചെടുത്തത്.

വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്സിലെ അവരുടെ വീടിനുള്ളില്‍ ഇപ്പോള്‍ എല്ലാ ദിവസവും കല്ലിംഗ്‌വര്‍ത്തും മകള്‍ സോഫിയയും എല്ലാ ദിവസവും ഫളൈറ്റ് സിമുലേറ്ററുമായി പറക്കാറുണ്ട്. വിമാനം പറപ്പിക്കാനുള്ള മകള്‍ സോഫിയയുടെ നിരന്തര ആഗ്രഹമാണ് വീടിനുള്ളില്‍ തന്നെ ഒരു വിമാനത്തിന്റെ ഉള്‍വശം സെറ്റ് ചെയ്യുന്നതിലേക്ക് ക്രെയ്ഗ് കല്ലിംഗ് വര്‍ത്തിനെ നയിച്ചത്.

ക്രിസ്മസ് സമ്മാനമായി ഒരു പ്രാദേശിക ഫ്‌ലൈറ്റ് സെന്ററില്‍ നിന്ന് ഒരു സിമുലേറ്റര്‍ അനുഭവം ഭാര്യ സമ്മാനിച്ചതിന് ശേഷമാണ് 40-കാരന്റെ ഉള്ളിലും അതിന്റെ തനിപ്പകര്‍പ്പ് സൃഷ്ടിക്കാനുള്ള ആഗ്രഹം ഉടലെടുക്കാന്‍ കാരണമായത്. അതിനായി ആദ്യം അദ്ദേഹം ഒരു ഒരു കോക്ക്പിറ്റ് ഷെല്‍ വാങ്ങി. യഥാര്‍ത്ഥ ഇരട്ട എഞ്ചിന്‍ വിമാനത്തില്‍ കണ്ടെത്തിയ എല്ലാ ഡയലുകളും ലിവറുകളും അതില്‍ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്ന മോഡലാക്കി മാറ്റി. ഏകദേശം മൂന്ന് മാസം മുമ്പ് അദ്ദേഹം ആദ്യമായി പ്രവര്‍ത്തിപ്പിച്ചു.

” ഒരു പൈലറ്റാകാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് വേണ്ടത്ര മിടുക്കില്ലെന്ന് സ്‌കൂളില്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ വിമാനം പറത്താന്‍ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് അറിയാമായിരുന്ന എന്റെ ഭാര്യ എനിക്ക് ബോയിംഗ് 737 അനുഭവം സമ്മാനിച്ചു. അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു. മടങ്ങുമ്പോള്‍ അത്തരം ഒരെണ്ണം എങ്ങനെ നിര്‍മ്മിക്കാമെന്നാണ് ആലോചിച്ചത്. ”ഞാന്‍ രാജ്യത്തുടനീളം അതിന് വേണ്ട സാധനസാമഗ്രികള്‍ കണ്ടെത്തി. ജോലി കഴിഞ്ഞ് എന്റെ സ്‌പെയര്‍ റൂമില്‍ ഇത് നിര്‍മ്മിക്കാന്‍ തുടങ്ങി. ഒരു ദിവസം എനിക്ക് അത് പറക്കാന്‍ കഴിയും. എട്ടു വയസ്സുള്ള എന്റെ മകള്‍ ഇപ്പോള്‍ ഭ്രമത്തിലാണ്.” അദ്ദേഹം പറഞ്ഞു.

ഒരു പുതിയ ബോയിംഗ് 737 ഫ്‌ലൈറ്റ് സിമുലേറ്റര്‍ വാങ്ങുന്നതിനുള്ള ചെലവ് ഏകദേശം 70,000 ഡോളര്‍ ആണ്, എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് ഭാഗങ്ങള്‍ ഉപയോഗിച്ച് ക്രെയ്ഗ് തന്റെ മോഡല്‍ 25,000 ഡോളറില്‍ പൂര്‍ത്തിയാക്കി. പൈലറ്റ് പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി വിമാന പറക്കലും അത് പറക്കുന്ന അന്തരീക്ഷവും കൃത്രിമമായി പുനര്‍നിര്‍മ്മിക്കുന്ന ഉപകരണമാണ് ഫ്‌ളൈറ്റ് സിമുലേറ്റര്‍. വിമാനം എങ്ങനെ പറക്കുന്നു, ഫ്‌ലൈറ്റ് നിയന്ത്രണങ്ങളുടെ പ്രയോഗങ്ങളോട് അവ എങ്ങനെ പ്രതികരിക്കുന്നു. മറ്റ് വിമാന സംവിധാനങ്ങളുടെ ഫലങ്ങള്‍, വായു സാന്ദ്രത , പ്രക്ഷുബ്ധത, കാറ്റ്, മേഘം, മഴ തുടങ്ങിയ ബാഹ്യ ഘടകങ്ങളോട് വിമാനം എങ്ങനെ പ്രതികരിക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.