Featured Movie News

ധനുഷിന്റെ അമ്പതാം ചിത്രം പൂര്‍ത്തിയായി; സംവിധാനം ചെയ്യുന്ന രണ്ടാമത് സിനിമ ഗ്യാംഗ്‌സ്റ്റര്‍ മൂവി

വലിയ ബഹളങ്ങളോ വാര്‍ത്തസൃഷ്ടിക്കലുകളോ ഇല്ലാതെ തമിഴ്‌നടന്‍ ധനുഷ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭവും പൂര്‍ത്തിയാക്കി. നടന്‍ സംവിധാനം ചെയ്യുന്ന ‘ഡി50’ എന്ന സിനിമയുടെ ഷൂട്ടിംഗ് താരം പൂര്‍ത്തിയാക്കി. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷ് തന്നെയാണ്. വടക്കന്‍ ചെന്നൈയെ കേന്ദ്രീകരിച്ച് പ്രതികാരം വിഷയമാകുന്ന ഒരു ഗ്യാംഗ്‌സ്റ്റര്‍ സിനിമയാണ് ഇതെന്നാണ് സൂചനകള്‍.

ഈ വര്‍ഷം ജൂലൈയിലാണ് ധനുഷ് സിനിമയുടെ ചിത്രീകരണവും സംവിധാനവും ആരംഭിച്ചത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി താരം സാമൂഹ്യമാധ്യങ്ങളിലൂടെയാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് സിനിമയിലെ അഭിനേതാക്കള്‍ക്കും അനുയായികള്‍ക്കും താരം നന്ദി പറയുകയും ചെയ്തിട്ടുണ്ട്. സണ്‍ പിക്‌ചേഴ്‌സിനും കലാനിധി മാരനും താരം നന്ദി പറഞ്ഞിട്ടുണ്ട്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഗ്യാംഗ്‌സ്റ്റര്‍മാരായ മൂന്ന് സഹോദരങ്ങളുടെ കഥയാണ് പറയുന്നത്.

ധനുഷും എസ്‌ജെ സൂര്യയും സന്ദീപ് കിഷനുമാണ് ഈ വേഷം ചെയ്യുന്നത്. നേരത്തേ ക്ലീന്‍ ഷേവ് ചെയ്ത തലയുമായി നടനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററോടെയാണ് ഇത് പ്രഖ്യാപിച്ചത്. എന്നാല്‍ മുഖം നല്‍കിയിരുന്നില്ല. ഇവര്‍ക്കൊപ്പം നിത്യാമേനോന്‍, കാളിദാസ് ജയറാം, ദുഷാരാ വിജയന്‍, അപര്‍ണാ ബാലമുരളി, സെല്‍വരാഘവന്‍, വരലക്ഷ്മി ശരത്കുമാര്‍, അനിഖാ സുരേന്ദ്രന്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്. ധനുഷ് നായകനാകുന്ന അമ്പതാമത്തെ സിനിമ കൂടിയാണ് ഇത്.

‘രായന്‍’ എന്നാണ് സിനിമയ്ക്ക് പേരിടാന്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. 2017ല്‍ പുറത്തിറങ്ങിയ ‘പാ പാണ്ടി’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ആദ്യ ഫിലിംഫെയര്‍ അവാര്‍ഡും നേടിക്കൊടുത്തു.’ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ഈ ചിത്രം സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ നടക്കുന്ന ഒരു ആക്ഷന്‍-അഡ്വഞ്ചര്‍ ഡ്രാമയായാണ് കണക്കാക്കപ്പെടുന്നത്.