ഏറെ നിര്‍ണായകമായ പതിനാലാം ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ് ചരിത്രമെഴുതി. വിശ്വനാഥന്‍ ആനന്ദിന് ശേഷം ക്ലാസിക്കല്‍ ചെസ് ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായംകുറഞ്ഞ ചാംപ്യനുമായിട്ടാണ് ഗുകേഷ് മാറിയത്. 1985-ല്‍ 22-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായി മാറിയ റഷ്യന്‍ ഇതിഹാസം ഗാരി കാസ്പറോവിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഗുകേഷ് തകര്‍ത്തത്.
ലോകകിരീടം നേടിയ ഗുകേഷിന് ആകെ 25 ലക്ഷം ഡോളറാണ് ഫൈനലിലെ സമ്മാനത്തുക. ഓരോ ക്ലാസ്സിക്കല്‍ ഗെയിം വിജയത്തിനും രണ്ടുലക്ഷം ഡോളര്‍ വച്ച് മൂന്ന് ഗെയിമുകള്‍ വിജയിച്ച ഗുകേഷിന് 6 ലക്ഷം ഡോളര്‍ (5.07 കോടി രൂപ) കൂടി കിട്ടും. രണ്ട് ക്ലാസ്സിക്കല്‍ ഗെയിമുകള്‍ വിജയിച്ച ലിറന് 4 ലക്ഷം ഡോളറും ലഭിച്ചു. ശേഷിച്ച 15 ലക്ഷം ഡോളര്‍ ഇരുവര്‍ക്കും പകുത്തുനല്‍കും. ഇതുകൂടി ചേര്‍ന്നപ്പോള്‍ ഗുകേഷിന് ആകെ ലഭിച്ചത് 13.5 ലക്ഷം ഡോളര്‍. അതായത് 11.45 കോടി രൂപ.
ഗുകേഷും ഡിംഗും 6.5 പോയിന്റ് വീതം നേടിയാണ് വ്യാഴാഴ്ച അവസാന മത്സരത്തിനിറങ്ങിയത്. അവസാന ക്ലാസിക്കല്‍ ഗെയിമില്‍ 7.5-6.5 എന്ന ഫൈനല്‍ സ്‌കോറോടെ ഗുകേശ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഈ വിജയം ഗുകേഷിനെ ക്ലാസിക്കല്‍ ചെസിന്റെ ചരിത്രത്തിലെ 18-ാമത്തെ ലോക ചാമ്പ്യനും എക്കാലത്തെയും പ്രായം കുറഞ്ഞ അനിഷേധ്യ ചാമ്പ്യനുമാക്കി.
മത്സരം ടൈബ്രേക്കറുകളിലേക്കെത്തിക്കാനാണ് ഡിങ്ങിന്റെ ലക്ഷ്യമെങ്കിലും, ഗുകേഷിന്റെ കൃത്യമായ കളിയും അവസാന നിമിഷങ്ങളിലെ വിജയ മുന്നേറ്റവും ചരിത്രപുസ്തകത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍ഷിപ്പ് നേടിയ ഡി ഗുകേഷിന് ഇത് ഒരു സ്വപ്ന വര്‍ഷമാണ്. ഈ വര്‍ഷം ആദ്യം നടന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയെ ചരിത്ര സ്വര്‍ണത്തിലേക്ക് നയിച്ചതും ഗുകേശ് ആയിരുന്നു. ഡിങ്കിന് തെറ്റ് പറ്റിയെന്ന് അറിഞ്ഞ് വാട്ടര്‍ ബ്രേക്കിനായി പോയ ഗുകേഷിന് വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. ബോര്‍ഡിലേക്ക് മടങ്ങുമ്പോള്‍ ഗുകേഷിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.