സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ.എം.ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തി പോലീസ്. പരിശോധനയ്‌ക്കെത്തിയ സംഘം ഷാജഹാന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോണാണ് പിടിച്ചെടുത്തത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി.
എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ് തിങ്കളാഴ്‌ച രാത്രി ഒമ്പതോടെ തിരുവനന്തപുരം ഉള്ളൂരിലുള്ള ഷാജഹാന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വിഷയത്തിൽ നാളെ വിശദമായി പ്രതികരിക്കാമെന്നാണ് ഷാജഹാൻ പ്രതികരിച്ചത്. സിസിടിവിയുടെ മൈക്ക് വഴിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഷാജഹാൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച് വീഡിയോ ഇട്ടെന്നായിരുന്നു കെ.ജെ. ഷൈനിന്റെ പരാതി. നേരത്തേ, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. അപവാദ പ്രചാരണം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ ഇതില്‍ നിന്ന് ശേഖരിക്കുകയാണ് അന്വേഷണസംഘം. ഒളിവില്‍ തുടരുന്ന ഗോപാലകൃഷ്ണന്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കേസിലെ മൂന്നാം പ്രതി കൊണ്ടോട്ടി അബുവിന്റെ മലപ്പുറത്തെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാള്‍ നിലവിൽ വിദേശത്താണെന്നാണ് വിവരം. അധിക്ഷേപ പരാമർശമുള്ള പോസ്റ്റ് ഇട്ടത് ഈ ഫോണുകളിൽനിന്നു തന്നെയാണോയെന്ന് പരിശോധിക്കാൻ സൈബർ ഫോറൻസിക് സംഘത്തിന് കൈമാറും.




