Lifestyle

ഉറക്കം ഒറ്റയ്ക്കാണോ? പങ്കാളിയെ പുണര്‍ന്ന് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

നല്ല വിശ്രമം ലഭിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി പങ്കാളിയുമൊത്ത് ഒരു കിടക്കയില്‍ കെട്ടിപ്പിടിച്ചോ കൈകള്‍ കോര്‍ത്തുപിടിച്ചോ ഉറങ്ങിയാല്‍ മതിയെന്ന് പഠനങ്ങള്‍.

ഇങ്ങനെ ഒരുമിച്ചുറങ്ങുന്ന ദമ്പതികള്‍ക്ക് ദീര്‍ഘവും നിലവാരമുള്ളതുമായ ഉറക്കം ലഭിക്കുമെന്നും കാലങ്ങള്‍ കഴിയുമ്പോള്‍ ഉറക്കിത്തിലെ അവരുടെ ഹൃദയത്തിന്റെ താളംപോലും ഒന്നായി തീരുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ ഗുണങ്ങള്‍ ലഭിക്കുന്നത് വൈകാരികമായി അടുപ്പമുള്ള ദമ്പതികള്‍ ഒരുമിച്ചുറങ്ങിയാല്‍ മാത്രമായിരിക്കും.

വൈകാരികവും ശാരീരകവുമായ ഒരു സുരക്ഷിതത്വബോധം ഒരുമിച്ചുള്ള ഉറക്കം പങ്കാളികള്‍ക്ക് നല്‍കുമെന്ന് നോര്‍ത്ത് വെല്‍ സ്റ്റാറ്റെന്‍ ഐലന്‍ഡ് യുണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ലീപ് മെഡിസിന്‍ ഡയറക്ടര്‍ ഡോ തോമസ് മൈക്കിള്‍ കില്‍ക്കെനി ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയട്ടുള്ള അഭിമുഖത്തില്‍ പറയുന്നു.

ഒരുമിച്ച് ഉറങ്ങുന്നതും കെട്ടിപ്പിടിക്കുന്നതുമെല്ലാം ഓക്‌സിടോസിന്‍ എന്ന ലവ് ഹോര്‍മോണിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അത് സമ്മര്‍ദം കുറച്ച് ശാന്തിയും സുരക്ഷിതത്വ ബോധവും നല്‍കുന്നുവെന്നും സ്ലീപ് സയന്‍സില്‍ പ്രസിദ്ധീകരിച്ചട്ടുള്ള ലേഖനം അഭിപ്രായപ്പെടുന്നു.

ദമ്പതികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കാനും സമ്മര്‍ദം കുറയ്ക്കാനും ഓക്‌സിടോസിന്‍ കാരണമാകുന്നുണ്ട്. റെം സ്ലീപ് ഘട്ടം വര്‍ധിക്കുന്നതിലൂടെ നല്ല ഓര്‍മ, തലച്ചോറിന്റെ വികാസം, വൈകാരിക നിയന്ത്രണം എന്നിവയും ഓക്‌സിടോസിന്‍ സാധ്യമാക്കുന്നുണ്ട്. ഇനി ഇവർ ഒരു മുറിയിലെങ്കിലും ഒരുമിച്ച് കിടന്നുറങ്ങിയാല്‍ ഒറ്റയ്ക്ക് ഉറങ്ങുന്നവരെക്കാള്‍ റെം സ്ലീപ് ഘട്ടത്തിലെ തടസ്സങ്ങള്‍ കുറവായിരിക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇന്‍ സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *