ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് മത്സരത്തില്‍ എം.എസ്. ധോണി പുറത്തായപ്പോള്‍ കലിപ്പ് കാട്ടി ഇന്‍സ്റ്റാഗ്രാമില്‍ നെറ്റിസണ്‍മാരുടെ പ്രീതി പിടിച്ചുപറ്റിയ അജ്ഞാത സുന്ദരിയെ ഒടുവില്‍ ഇന്റര്‍നെറ്റ് തന്നെ കണ്ടെത്തി. ഗുവാഹത്തിയില്‍ നിന്നുള്ള 19 വയസ്സുള്ള ആര്യപ്രിയ ഭൂയാനായിരുന്നു മത്സരത്തിനിടയില്‍ ക്യാമറ പിടിച്ചെടുത്തത്. പ്രതികരണം പിന്നീട് സാമൂഹ്യമാധ്യമത്തില്‍ എത്തിയപ്പോള്‍ വൈറലായി.
സോഷ്യല്‍ മീഡിയയില്‍ ഈ ക്ലിപ്പ് പ്രചരിച്ചതോടെ, അവര്‍ പെട്ടെന്ന് ഒരു പുതിയ മീം ടെംപ്ലേറ്റിന്റെ മുഖമായി മാറി, കൂടാതെ അവരുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് ദിവസങ്ങള്‍ക്കുള്ളില്‍ വെറും 800 ല്‍ നിന്ന് 300,000 ല്‍ കൂടുതലായി ഉയര്‍ന്നു. കൂടാതെ, സ്വിഗ്ഗി, യെസ് മാഡം തുടങ്ങിയ കമ്പനികളുമായി അവര്‍ ബ്രാന്‍ഡ് ഡീലുകള്‍ നേടിയിട്ടുണ്ട്. താന്‍ സ്വഗ്ഗിയുമായി കരാറില്‍ എത്തിയ വിവരം മറ്റൊരു ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് സുന്ദരി ആരാധകരെ അറിയിചച്ത്. ‘കൊളാബ് ഫോര്‍ എ റീസണ്‍’ എന്ന അടിക്കുറിപ്പെഴുതി.
മറ്റൊരു വീഡിയോയില്‍, മറ്റൊരു വലിയ ബ്രാന്‍ഡായ യെസ് മാഡവുമായി പങ്കാളിത്തം വഹിക്കുന്നതായി കാണാം. ‘ധോണി പുറത്തായപ്പോള്‍ എനിക്ക് സങ്കടമായി, പക്ഷേ യെസ് മാഡത്തില്‍ നിന്ന് എനിക്ക് സൗജന്യ കൊറിയന്‍ ക്ലീനപ്പ് ലഭിച്ചു.’ എന്ന വാചകം വീഡിയോയിലുണ്ട്. ‘ഊപ്സില്‍ നിന്ന് സന്തോഷകരമായ നിമിഷത്തിലേക്ക്, നന്ദി യെസ് മാഡം’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ പോസ്റ്റ് പോസ്റ്റ് ചെയ്തത്.
രണ്ട് വീഡിയോകളും ദശലക്ഷക്കണക്കിന് കാഴ്ചക്കാരും ഒരു ലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും നേടി. മാര്‍ച്ച് 30 ന് രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ മത്സരത്തില്‍ ടീമിന്റെ എയ്സ് കളിക്കാരനായ എംഎസ് ധോണി 16 റണ്‍സിന് പുറത്തായി. ഇത് ആരാധകരുടെ നിരാശയ്ക്ക് കൂടുതല്‍ ആക്കം കൂട്ടി. പക്ഷേ മത്സരം ആര്യപ്രിയയെ ഒരു വൈറല്‍ സെന്‍സേഷനാക്കി മാറ്റി.