Crime

ലിവ് ഇന്‍ പങ്കാളി എഎസ്ഐയായ കാമുകിയെ കൊലപ്പെടുത്തി അതേ സ്റ്റേഷനിൽ കീഴടങ്ങി CRPF ജവാന്‍

തന്റെ ലിവ്– ഇന്‍ പങ്കാളിയായ വനിതാ പൊലീസ് ഓഫീസറെ കൊലപ്പെടുത്തി സിആർപിഎഫ് ജവാന്‍. ഗുജറാത്തിലെ കച്ച് ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പോസ്റ്റിങ് ലഭിച്ച സ്റ്റേഷനിലെത്തിയാണ് ജവാന്‍ കീഴടങ്ങിയത്.

കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന അരുണാബെൻ നതുഭായ് ജാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണയുടെ പങ്കാളിയും സിആര്‍പിഎഫ് ജവാനും കൂടിയായ ദിലീപ് ഡാങ്‌ചിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ- വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടിൽ വെച്ച് 25 കാരിയായ അരുണബെന്നും പങ്കാളിയായ ദിലീപും തമ്മിൽ വഴക്കിട്ടിരുന്നു. ഇതിനിടയിൽ അരുണ തന്റെ അമ്മയെക്കുറിച്ച് മോശം പരാമർശം നടത്തിയതായി ദിലീപ് പൊലീസിനോട് പറഞ്ഞു. തർക്കം രൂക്ഷമായതോടെ ദിലീപ് ദേഷ്യത്തിൽ അരുണബെന്നിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അഞ്ജർ ഡിവിഷനിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുകേഷ് ചൗധരി പറയുന്നത്.

2021 ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അതിന് ശേഷം ലിവ്– ഇന്‍ റിലേഷനിലേക്ക് മാറിയ ഇവര്‍ വിവാഹിതരാകാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. മണിപ്പൂരിൽ സെൻട്രൽ റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) നിയമിതനാണ് കേസിലെ പ്രതിയായ ദിലീപ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സുരേന്ദ്രനഗർ നിവാസിയാണ് അരുണബെന്‍.