ജനലക്ഷങ്ങളെ സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് സ്‌പോര്‍ട്‌സും സിനിമയും തമ്മിലുള്ള പ്രധാന ബന്ധം. സിനിമയിലെ സൂപ്പര്‍താരങ്ങളെ സ്‌പോര്‍ട്‌സുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി മാറിയിരിക്കുന്നത് സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. ആഗോള ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിര്‍മ്മാതാവ് മാത്യു വോണുമായി ചേര്‍ന്ന് സ്പോര്‍ട്സിന്റെയും കഥപറച്ചിലിന്റെയും ലോകത്തെ ലയിപ്പിക്കുന്ന സ്റ്റുഡിയോ ആരംഭിക്കാനൊരുങ്ങുന്നു.
ഒരു പുതിയ സ്വതന്ത്ര ഫിലിം സ്റ്റുഡിയോയായ യുആര്‍മര്‍വാണ് തുടങ്ങുന്നത്. യുആര്‍ മര്‍വ് ബാനറിന് കീഴില്‍ രണ്ട് ആക്ഷന്‍ പായ്ക്ക് ചിത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. മൂന്നാമത്തേത് നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവ മൂന്നും പരസ്പരബന്ധിതമായ ഒരു പരമ്പരയുടെ ഭാഗമാണ്. ആദ്യ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ ഈ സംരംഭം പ്രഖ്യാപിച്ചുകൊണ്ട് റൊണാള്‍ഡോ ട്വീറ്റ് ചെയ്തു: ” മാത്യൂ വോണിനൊപ്പം എന്റെ പുതിയ ഫിലിം സ്റ്റുഡിയോയായ യുആര്‍ മര്‍വ് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്, ഞങ്ങളുടെ ആദ്യ സിനിമയെക്കുറിച്ച് നിങ്ങളോട് പറയാന്‍ കാത്തിരിക്കാനാവില്ല. ഉടന്‍ വരുന്നു! ” പ്രഖ്യാപനം ഇതിനകം തന്നെ വിനോദ, കായിക കമ്മ്യൂണിറ്റികളില്‍ ഒരുപോലെ ശ്രദ്ധേയമായ ചലനം സൃഷ്ടിച്ചിട്ടുണ്ട്. റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം, ഫുട്‌ബോള്‍ മൈതാനത്തിനപ്പുറത്തേക്ക് നോക്കുമ്പോള്‍ ബിസിനസ്സ്, മീഡിയ ലോകത്തിലേക്കുള്ള വിശാലമായ മാറ്റത്തിന്റെ ഭാഗമാണ് ഈ നീക്കം.
പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍ അടുത്ത കാലത്ത് പിച്ചിന് പുറത്തും തന്റെ സാന്നിധ്യം സ്ഥിരമായി വളര്‍ത്തിയെടുക്കുന്നുണ്ട്. 2023-ല്‍ മീഡിയാലിവറില്‍ ഒരു പ്രധാന നിക്ഷേപകനായി മാറിയ അദ്ദേഹം 2024 ഓഗസ്റ്റില്‍ തന്റെ സ്വകാര്യ യൂട്യൂബ് ചാനലായ ‘യുആര്‍ ക്രിസ്റ്റ്യാനോ’ സമാരംഭിക്കുകയും ചെയ്തു.