Sports

ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് അത്ഭുതം സൃഷ്ടിച്ച് ജോര്‍ജ്ജിയ

ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ 2-0 ന് അട്ടിമറിച്ച് യൂറോ 2024 ല്‍ അത്ഭുതം സൃഷ്ടിച്ച് ജോര്‍ജ്ജിയ. വമ്പന്‍താരങ്ങളുള്ള പോര്‍ച്ചുഗലിനെ മറികടന്ന് നോക്കൗട്ടിലേക്ക് ജോര്‍ജ്ജിയ കുതിച്ചു. അതിവേഗ കൗണ്ടര്‍ ആക്രമണവും വിള്ളലുണ്ടാകാത്ത പ്രതിരോധവുമായി ജോര്‍ജ്ജിയ എതിരാളികളെ പിടിച്ചു കെട്ടി.

ഇരുപകുതികളിലുമായി നേടിയ ഗോളുകളിലായിരുന്നു ജോര്‍ജ്ജിയയുടെ ചരിത്രനേട്ടം. യൂറോയില്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ തന്നെ രണ്ടാം റൗണ്ടിലേക്ക് കടക്കാന്‍ അവര്‍ക്കായി. രണ്ടാം മിനിറ്റില്‍ ഖ്വിച്ചാ ക്വാറാസ്‌കെലിയയും 57-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നും ജോര്‍ജ്ജസ് മിഖൗറ്റാഡ്‌സേയും നേടിയ ഗോളുകള്‍ക്കായിരുന്നു ജോര്‍ജ്ജിയയുടെ വിജയം.

സുപ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം കൊടുത്ത് ക്രിസ്ത്യാനോ റൊണാള്‍ഡോ അടക്കം മൂന്ന് പേരെ മാത്രം പ്രധാന ഇലവണില്‍ നിലനിര്‍ത്തിയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. ജോര്‍ജിയ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മഹത്തായ രാത്രിക്ക് ശേഷം അവസാന 16 ന് സ്‌പെയിനുമായി കളിക്കും. ജോര്‍ജ്ജിയന്‍ ഗോള്‍കീപ്പര്‍, ജിയോര്‍ജി മമര്‍ദാഷ്വിലിയായിരുന്നു പോര്‍ച്ചുഗലിന്റെ പ്രധാന തടസ്സം.