Sports

അത് പെനാല്‍റ്റിയല്ല, സ്വന്തം ടീമിന് വിധിച്ച പെനാല്‍റ്റി നിഷേധിച്ച് ക്രിസ്ത്യാനോ; കളത്തിലെ മാന്യതയ്ക്ക് സൂപ്പര്‍താരത്തിന് കയ്യടി

എങ്ങിനെയെങ്കിലും എതിര്‍ടീമിന്റെ വലയില്‍ പന്തെത്തിക്കാന്‍ എതിര്‍ടീമിന്റെ പെനാല്‍റ്റി ബോക്‌സില്‍ നല്ല നടന്മാരാകുന്ന അനേകം കളിക്കാരുണ്ട്. എന്നാല്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ കാട്ടിയതരം കാര്യങ്ങള്‍ കളിയില്‍ അത്ര പതിവുള്ളതല്ല.

തിങ്കളാഴ്ച, സൗദി അറേബ്യ ക്ലബ് അല്‍-നാസറും ഇറാന്റെ പെര്‍സെപോളിസും തമ്മിലുള്ള എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ, പെര്‍സെപോളിസിനെതിരെ സ്വന്തം ടീമിന് അനുവദിച്ച പെനാല്‍റ്റി ക്രിസ്ത്യാനോ റൊണാള്‍ഡോ വേണ്ടെന്നു വെച്ചു. ഇത് ഒരു ഫൗളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പെനാല്‍റ്റി വിധിച്ച തീരുമാനം തിരിച്ചെടുക്കാനും താരം കളത്തില്‍ വെച്ചു റഫറിയോട് പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍, റൊണാള്‍ഡോയെ തേടി മുന്‍ ലിവര്‍പൂള്‍ താരം സാദിയോ മാനെയുടെ ഒരു ക്രോസില്‍ നിന്നുമായിരുന്നു അല്‍-നാസറിന് റൊണാള്‍ഡോ പെനാല്‍റ്റി നേടിക്കൊടുത്തത്. എന്നാല്‍ തൊട്ടു പിന്നാലെ അദ്ദേഹം തന്നെ റഫറിയുടെ അടുത്തേക്ക് ചെല്ലുകയും അത് പെനാല്‍റ്റിയല്ലെന്ന് സൂചന നല്‍കുകയുമായിരുന്നു. എതിര്‍താരം തന്നെ സ്പര്‍ശിച്ചിട്ടില്ലെന്നു പോര്‍ച്ചുഗീസ് സൂപ്പര്‍താരം പറഞ്ഞു.

തീരുമാനം തിരുത്താന്‍ റഫറിയോട് പറയാന്‍ അദ്ദേഹം തന്റെ ചുണ്ടുവിരല്‍ അനക്കി കാട്ടി. മത്സരം അല്‍നസറിന് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നെങ്കിലും റൊണാള്‍ഡോയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് പരക്കെ അംഗീകാരം കിട്ടി. ആ പെനാല്‍റ്റി നേടിയെടുക്കാനായിരുന്നെങ്കില്‍ ഒരു പക്ഷേ അല്‍ നസറിന് ഒറ്റഗോളില്‍ വിജയിക്കാമായിരുന്നു. എന്നാല്‍ കളിക്കളത്തില്‍ തന്റെ മാന്യതയും സത്യസന്ധതയും കാട്ടിയ ക്രിസ്ത്യാനോ കള്ളത്തരത്തിലൂടെ കിട്ടുന്ന ഗോളോ വിജയമോ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

പെര്‍സെപോളിസിനെതിരെ പോയിന്റ് കുറഞ്ഞെങ്കിലും, ഇതുവരെയുള്ള അഞ്ച് കളികളില്‍ നാലെണ്ണം ജയിച്ച അല്‍-നാസര്‍ അവരുടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയും നോക്കൗട്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു. സൗദി പ്രോ ലീഗില്‍ രണ്ടാം സ്ഥാനത്താണ്, അല്‍-ഹിലാലിനേക്കാള്‍ നാല് പോയിന്റ് പിന്നിലാണ്.