Featured Sports

ആ മത്സരം കളിച്ചപ്പോള്‍ ക്രിസ്ത്യാനോ അസാധാരണ റെക്കോഡ് നേടി; എന്താണെന്ന് അറിയാമോ?

ലോകഫുട്‌ബോളില്‍ ഒരു യുഗം തീര്‍ത്തവരാണ് അര്‍ജന്റീന നായകന്‍ ലിയോണേല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ഇതിഹാസ നായകന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും. നിലവില്‍ സൗദി പ്രോലീഗില്‍ കളിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ അല്‍ നസര്‍ ജഴ്‌സിയില്‍ കഴിഞ്ഞ മത്സരം കളിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരു നാഴികക്കല്ല് കൂടിയാണ് പിറന്നത്. താരത്തിന്റെ 1,200 ാം മത്സരം.ഫുട്‌ബോള്‍ കരിയറില്‍ 1000 മത്സരം പോലും അസാധാരണ കായികക്ഷമത വേണമെന്നിരിക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയറിലെ 1,200-ാമത്തെ പ്രൊഫഷണല്‍ മത്സരം കളിച്ചു.

മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും സൗദി അറേബ്യന്‍ ക്ലബ് അല്‍-നാസറിന് വേണ്ടി മറ്റൊരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്ത് താരം മത്സരം അവിസ്മരണീയമാക്കി മാറ്റുകയും ചെയ്തു. റൊണാള്‍ഡോ ആഹ്ലാദഭരിതനായി, ഈ നേട്ടത്തിലെത്താന്‍ സഹായിച്ച എല്ലാ ആളുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. 38 കാരനായ ഇതിഹാസ ഫുട്‌ബോള്‍ താരം സദിയോ മാനോയുടെ ക്രോസ് ടാപ്പുചെയ്തായിരുന്നു മത്സരത്തില്‍ ഗോള്‍ നേടിയത്. 4-1 ന് അല്‍-റിയാദിനെ പരാജയപ്പെടുത്തിയ അല്‍നസറിനായി സഹതാരം ഒട്ടാവിയോയുടെ ഗോള്‍നേട്ടത്തിന് അസിസ്റ്റും നല്‍കി.

സൗദി പ്രോ ലീഗില്‍ ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ലീഗില്‍ തന്റെ ക്ലബ്ബ് അല്‍ ഹിലാലിന് പിന്നില്‍ രണ്ടാമതാണെങ്കിലും ഗോള്‍ സ്‌കോറിംഗിന്റെ കാര്യത്തില്‍ താരം ടോപ് സ്‌കോററാണ്. പോര്‍ച്ചുഗല്‍ ഫോര്‍വേഡ് ഈ നേട്ടത്തിലെത്തിയെന്ന വാര്‍ത്ത സൗദി പ്രോ ലീഗും സ്ഥിരീകരിച്ചു. ജൂണില്‍, 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ കളിക്കാരനായി റൊണാള്‍ഡോ മാറിയിരുന്നു. ഐസ്ലന്‍ഡിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിനായി കളിച്ചപ്പോഴാണ് അദ്ദേഹം ഈ നാഴികക്കല്ല് നേടിയത്.