യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ടപ്പോള്‍ തന്നെ ക്രിസ്ത്യാനോ റൊണാള്‍ഡോ തീര്‍ന്നെന്ന് പറഞ്ഞ അനേകം പേരുണ്ട്. എന്നാല്‍ യൂറോപ്പിലെ ഗോളടി ഏഷ്യയിലേക്ക് മാറ്റിയെന്ന് മാത്രമേയുള്ളൂ. സി.ആര്‍ 7 ന്റെ ബൂട്ടിന്റെ മൂര്‍ച്ചയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് താരം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കാലം കഴിഞ്ഞെന്ന് കരുതിയിരിക്കുന്നവരുടെ നെറ്റി ചുളിച്ചുകൊണ്ട് സൗദി പ്രോ ലീഗില്‍ താരം ഗോളടിച്ചു കൂട്ടുകയാണ്. പ്രോ ലീഗിന്റെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടാന്‍ ഓഗസ്റ്റില്‍ സൗദി ടീമിനായി അഞ്ച് ഗോളുകള്‍ നേടുകയും രണ്ട് അസിസ്റ്റുകള്‍ നേടുകയും ചെയ്തിരുന്നു.
38 കാരനായ താരം സെപ്റ്റംബറില്‍ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി. ഈ സീസണില്‍ 10 ഗോളുകള്‍ നേടി സൗദി ലീഗിലെ ടോപ്പ് സ്‌കോറര്‍ ആയിരിക്കുകയാണ്. യൂറോ 2024 യോഗ്യതാ കാമ്പെയ്‌നില്‍ അഞ്ച് ഗോളുകളുമായി പോര്‍ച്ചുഗലിന്റെ ഗോളടിയില്‍ താരം മുന്‍നിരയിലുണ്ട്.
തന്റെ കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെങ്കിലും ഗോള്‍ എവിടെയാണെന്ന് തനിക്കറിയാമെന്ന് പോര്‍ച്ചുഗീസ് താരം ഇപ്പോഴും തെളിയിക്കുന്നു. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ അദ്ദേഹം 16 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളും കഴിഞ്ഞ സീസണില്‍ 19 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളും നേടി. അദ്ദേഹത്തിന്റെ ടീമും മികച്ച രീതിയില്‍ മുമ്പോട്ട് പോകുകയാണ്.
ഓഗസ്റ്റ് പകുതിയോടെ ആദ്യ കളികളില്‍ രണ്ടെണ്ണം തോറ്റ അല്‍-നാസര്‍ തുടര്‍ച്ചയായ ആറ് വിജയങ്ങളുമായി പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. റൊണാള്‍ഡോയും അല്‍ നാസറും വെള്ളിയാഴ്ച ഉച്ചയ്ക്ക് ലീഗില്‍ അബഹയെ നേരിടും. ഈ ആഴ്ച അവസാനത്തോടെ അല്‍നസറിന് പട്ടികയില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞു.