ആരാധകരുടെ പ്രിയങ്കരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ഫീല്‍ഡ് സമയത്ത് പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും യുവേഫാ യൂറോ 2024 ലെ ത്രില്ലിംഗ് മത്സരങ്ങളില്‍ ഒന്നായിരുന്നു പോര്‍ച്ചുഗല്‍ സ്‌ളോവേനിയ മത്സരം. ഷൂട്ടൗട്ടില്‍ 3-0 ന് പോര്‍ച്ചുഗല്‍ സ്‌ളോവേനിയയെ മറികടക്കുകയും ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. മത്സരത്തില്‍ ക്രിസ്ത്യാനോയുടെ ഗോള്‍ കണ്ടില്ല എന്നത് മാത്രമാണ് നിരാശ. അതേസമയം ക്രിസ്ത്യാനോ റൊണാള്‍ഡോ ഈ യൂറോയോടെ വിരമിച്ചേക്കുമെന്ന സൂചനയാണ് പോര്‍ച്ചുഗലില്‍ നിന്നും കിട്ടുന്നത്.
72 ശതമാനം സമയവും പന്തവകാശവും 20 ലധികം ഷോട്ടുകളും ഉതിര്‍ത്തിട്ടും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കും കൂട്ടര്‍ക്കും സ്‌ളോവേനിയയുടെ പ്രതിരോധം ഭേദിക്കാനായില്ല. അധികസമയത്ത് കിട്ടിയ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ക്രിസ്ത്യാനോ വൈകാരികമായി പെരുമാറുകയും അധികസമയത്ത് കിട്ടിയ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരയുകയും ചെയ്തു. ഒടുവില്‍ ടീമംഗങ്ങള്‍ എത്തിയാണ് സൂപ്പര്‍താരത്തെ ആശ്വസിപ്പിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗല്‍ ഗോളി ഡിയാഗോ കോസ്റ്റയുടെ ഉജ്വല മികവാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ‘വിവാ റൊണാള്‍ഡോ’ ബാനര്‍ ഉയര്‍ത്തിയാണ് ആരാധകര്‍ താരത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ യൂവേഫ യൂറോ ടൂര്‍ണമെന്റോടെ താന്‍ വിടപറയുകയാണെന്ന് ക്രിസ്ത്യനോ പറഞ്ഞതായി ഫാബ്രീഷിയോ റൊമാനോ പറയുന്നു.
പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടി 211 ഗെയിമില്‍ നിന്നും 130 ഗോളുകളുടെ അസാധാരാണ റെക്കോഡാണ് ക്രിസ്ത്യാനോയുടെ പേരിലുള്ളത്. അന്താരാഷ്ട്ര ഫുട്‌ബോളിലെ ടോപ് ഗോള്‍ സ്‌കോറര്‍ കൂടിയായ ക്രിസ്ത്യാനോ കപ്പ് നല്‍കി മടക്കി അയയ്ക്കണം എന്നതാണ് ആരാധകരുടെയും പ്രതീക്ഷ. അന്താരാഷ്ട്ര സൗഹൃദമത്സരങ്ങള്‍, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങള്‍, യൂറോയും ലോകകപ്പും പോലെയുള്ള മത്സരങ്ങളിലും സ്ഥിരതയോടെ താരം ഗോളുകള്‍ നേടിക്കൊണ്ടിരുന്നു. പക്ഷേ യൂറോയില്‍ കപ്പുയര്‍ത്തണമെങ്കില്‍ ഇനിയുള്ള വമ്പന്‍ മത്സരങ്ങളാണ് 16 റൗണ്ടില്‍ വിജയിച്ചുകയറിയ പോര്‍ച്ചുഗലിനെ കാത്തിരിക്കുന്നത്. അടുത്ത എതിരാളി ഫ്രാന്‍സാണ്. ജൂലൈ ആറിനാണ് മത്സരം.