ജാതിയും സമുദായവുമൊക്കെ വന്‍വിഷയമായ ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഉപജീവനമാക്കി മാറ്റിയിട്ടുള്ള അനേകം ഗോത്രങ്ങളുടെ വിവരങ്ങള്‍ സിനിമയിലൂടെയും ഫീച്ചറുകളിലൂടെയും നാം കേട്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്ന സ്കൂളുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?. മദ്ധ്യപ്രദേശിലെ മൂന്ന് ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് ഇത്തരം സ്കൂളുകള്‍. മോഷണവും കളവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇവിടെ പരിചയസമ്പന്നരായ കുറ്റവാളികള്‍ പരിശീലനം നല്കുന്നു.
ഈ കളവ് പരിശീലന സ്കൂളുകളില്‍ 12 വയസ്സുള്ള കുട്ടികള്‍ക്ക് പോക്കറ്റടി, മോഷണം, കവര്‍ച്ച എന്നിവയില്‍ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടുള്ളവരാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ അകലെയുള്ള കാഡിയ, ഗുല്‍ഖേഡി, ഹല്‍ഖേഡി എന്നീ മൂന്ന് ഗ്രാമങ്ങളിലാണ് ‘തസ്ക്കരനഴ്സറി’കള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ പരിശീലനത്തിന് രണ്ടുലക്ഷം മുതല്‍ 3 ലക്ഷം വരെയാണ് ട്യൂഷന് ഫീസ്. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ പോക്കറ്റടി, ബാഗ് പിടിക്കല്‍, കവര്‍ച്ച, ബാങ്ക് അക്കൗണ്ട് മോഷണം, പോലീസില്‍ നിന്നുള്ള രക്ഷപ്പെടല്‍, പിടിക്കപ്പെട്ടാല്‍ അടിതടകള്‍, ആയോധന പരിശീലനം എന്നിവ ഇവിടെ നല്കുന്നു.
‘തസ്ക്കര സ്കൂളുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഈ സ്കൂളുകള്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധരായ ചില കുറ്റവാളികളെ സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്കാന് കഴിയാത്ത ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുടെ കുടുംബങ്ങളുമാണ് പരിശീലനത്തിനായി കുട്ടികളെ അയയ്ക്കുന്നത്. സംഘത്തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തുകയും ആവശ്യമായ ട്യൂഷന് ഫീസ് നല്‍കുകയും ചെയ്താല്‍ കുട്ടികളെ ഒരു വര്‍ഷത്തേക്ക് ക്രൈം സ്കൂളില്‍ അയച്ച് വിവിധ കഴിവുകള്‍ നേടുകയും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ഇറക്കി വിടാന്‍ തയ്യാറെടുക്കുകയും ചെയ്യും. ബിരുദം നേടിയാല്‍ സേവനത്തിനായി 300,000 മുതല്‍ 500,000 രൂപ വരെ വാര്‍ഷിക പ്രതിഫലവും നല്‍കും.
ഈ വിദൂര ഗ്രാമങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസിന് അറിയാമെങ്കിലും, അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഇവിടുത്തെ ഗ്രാമീണര്‍ തന്നെ സംഘങ്ങളെ സംരക്ഷിക്കും. ഗ്രാമീണര്‍ ആദ്യം അപരിചിതരെ സംശയിക്കുന്നു. ആരെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ പോലീസ് ഉദ്യോഗസ്ഥരെ ഗ്രാമീണര്‍ ഒന്നുചേര്‍ന്ന് നേരിടുകയും ചെയ്യുന്നതിനാല്‍ പോലീസുകാര്‍ പോലും ഇവിടേയ്ക്ക് പോകാറില്ല.
