Oddly News

ജനങ്ങളുടെ പ്രാര്‍ത്ഥന കേട്ടില്ലെങ്കില്‍ ദൈവങ്ങളെ ശിക്ഷിക്കുന്ന കോടതി; അപൂര്‍വആചാരം നടക്കുന്ന ഇന്ത്യന്‍ ഗ്രാമം

മനുഷ്യര്‍ തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടാറുണ്ട്. അതിനാണ് കോടതി. എന്നാല്‍ ദൈവങ്ങളെ ശിക്ഷിക്കുന്ന മനുഷ്യരെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? തങ്ങളുടെ പ്രാര്‍ത്ഥനനയും വഴിപാടുകളും ദൈവങ്ങള്‍ കേട്ടില്ലെങ്കില്‍ ശിക്ഷിക്കുന്ന ഒരു നാടും കോടതിയുമുണ്ട് ഇന്ത്യയില്‍. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗ ആധിപത്യമുള്ള ബസ്തര്‍ പ്രദേശത്തിലാണ് ഇത്തരത്തിലൊരു കോടതിയുള്ളത്.

വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടുത്തെ ജനങ്ങള്‍ ചേര്‍ന്ന് ഒരു യോഗം ചേരും. ഈ യോഗം ചേരുന്നതാവട്ടെ ഭദോ യാത്രാ ഉത്സവത്തിന്റെ ഭാഗമായിട്ടാണ്. വക്കീലും സാക്ഷികളുമെല്ലാം യോഗത്തിലുണ്ടാകും. തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവങ്ങളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നു. വിചാരണ നടക്കുന്നത് ഭംഗാരം ക്ഷേത്രത്തിലാണ്. വിചാരണ ചെയ്യുന്നതാവട്ടെ തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവങ്ങളെയാണ്. ഇവിടെ പക്ഷികളെയും മൃഗങ്ങളെയുമെല്ലാം സാക്ഷികളായി പരിഗണിക്കാറുണ്ട്.

ഗ്രാമത്തിലുണ്ടാകുന്ന അനിഷ്ട സംഭവങ്ങളെയാണ് ദൈവങ്ങള്‍ കേള്‍ക്കാത്ത പ്രാര്‍ത്ഥനകളായി പരിഗണിക്കുന്നത്. ജനങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ക്ഷേത്രത്തിന് പുറത്താക്കും. മരച്ചുവടുകളിലോ അല്ലെങ്കില്‍ ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തോ ആയി അവ കൂട്ടിയിടും. ആഭരണങ്ങള്‍ ഒന്നും അഴിക്കാതെയാവും ഇവ ഉപേക്ഷിക്കുക, എന്നിരുന്നാലും ഈ ആഭരണങ്ങള്‍ മോഷ്ടിച്ചു കൊണ്ടുപോകാന്‍ ആരും മുതിരില്ല. ശിക്ഷയിലുള്ള ദൈവങ്ങള്‍ക്ക് തിരികെ എത്താനും അവസരം നല്‍കുന്നുണ്ട്. ദൈവങ്ങള്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മാറ്റണം അങ്ങനെ വന്നാല്‍ വിഗ്രഹങ്ങല്‍ ക്ഷേത്രത്തിനുള്ളിലേക്ക് തിരികെ കൊണ്ടുവരും.

വിചാരണയില്‍ ദൈവങ്ങളെ കാണാനായി ഒത്തുകൂടുന്നതാവട്ടെ 24ഓളം ഗ്രാമത്തില്‍ നിന്നുള്ള ആളുകളാണ്. ദൈവങ്ങള്‍ പോലും ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണെന്ന ആശയമാണ് ഈ ആചാരത്തിന് പിന്നില്‍. ദൈവത്തിനെ ആരാധിക്കുന്ന മനുഷ്യര്‍ക്ക് തിരിച്ചും ദൈവം സംരക്ഷണം നല്‍കണമെന്നുള്ളതാണ് ഇവിടുത്തെ നിയമം.ഈ കോടതിയുടെ പേര് ജന്‍ അദാലത്ത് എന്നാണ് ഇതില്‍ നിന്ന് അര്‍ഥമാക്കുന്നത് ജനങ്ങളുടെ കോടതിയെന്നാണ്.