Good News

1500 ഏക്കറില്‍ 20 വര്‍ഷംകൊണ്ട് ദമ്പതികള്‍ നട്ടു പിടുപ്പിച്ചത് ഇരുപത്‌ലക്ഷം മരങ്ങള്‍; കുടുംബസ്വത്ത് വന്യജീവി സങ്കേതമാക്കി മാറ്റി

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയും സ്വന്തം കൈ കൊണ്ട് ഒരു പുല്ലു പോലും നടുകയും ഇല്ലാത്തവരാണ് കൂടുതലും. വനനശീകരണത്തെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് തന്നെ ചുറ്റുമുള്ള മരങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും വെട്ടിമാറ്റുകയും ചെയ്യും. എന്നാല്‍ തന്റെ വീടിന് ചുറ്റുമുണ്ടായിരുന്ന വനം പുനസ്ഥാപിക്കണമെന്ന് ആഗ്രഹിച്ച ഇതിഹാസ ഫോട്ടോ ജര്‍ണലിസ്റ്റ് സെബാസ്റ്റിയ സല്‍ഗാഡോ കുടുംബ സ്വത്ത് ഒരു ജൈവ വൈവിധ്യമാര്‍ന്ന പറുദീസയാക്കി മാറ്റിയിരിക്കുകയാണ്.

2001 ലായിരുന്നു അദ്ദേഹം മിനാസ് ഗെറൈസ് സംസ്ഥാനത്തെ തന്റെ വീടിനടുത്തുള്ള വനം തിരികെ കൊണ്ടുവരണമെന്ന് സ്വപ്നം കണ്ടത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അക്കാര്യം സഫലമാക്കുകയും ചെയ്തു. നീണ്ട വര്‍ഷങ്ങളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ഭാര്യ ലെലിയയും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് 290 വ്യത്യസ്ത ഇനങ്ങളില്‍ നിന്നുള്ള 20 ദശലക്ഷം മരങ്ങളാണ് 1,500 ഏക്കറിലധികം വരണ്ട മലഞ്ചെരുവുകളില്‍ നട്ടുപിടിപ്പിച്ചത്. അങ്ങിനെ പ്രകൃതിദത്തമായ വന ആവാസവ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുകയും അസാധാരണ പക്ഷി മൃഗാദികള്‍ ഇവിടേയ്ക്ക് വരികയും ചെയ്തിട്ടുണ്ട്.

അര ഡസന്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള സല്‍ഗാഡോ ലോകമെമ്പാടും തന്റെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുകയും സാള്‍ട്ട് ഓഫ് ദ എര്‍ത്ത് എന്ന ഡോക്യുമെന്ററി എടുക്കുകയും ചെയ്തു. കോംഗോയിലേക്കുള്ള റുവാണ്ടക്കാരുടെ പലായനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ശേഷം 1998-ല്‍ വീട്ടിലെത്തിയപ്പോള്‍, കുടുംബ വീടിന് ചുറ്റുമുള്ള ഭൂമി പൂര്‍ണ്ണമായും നശിച്ചിരുന്നു. ”ഏകദേശം 0.5% ഭൂമിയില്‍ മാത്രമാണ് മരങ്ങള്‍ ഉണ്ടായിരുന്നത്. ഭാര്യക്ക് ഈ കാട് വീണ്ടും നട്ടുപിടിപ്പിക്കണമെന്ന് തോന്നി. ഞങ്ങള്‍ അത് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, എല്ലാ പ്രാണികളും പക്ഷികളും മത്സ്യങ്ങളും തിരിച്ചെത്തി, ഈ മരങ്ങളുടെ വര്‍ദ്ധനവിന് നന്ദി, ഞാനും പുനര്‍ജനിച്ചു – ഇതാണ് ഏറ്റവും പ്രധാനപ്പെട്ട നിമിഷം.” അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ ‘നാച്ചുറല്‍ ഹെറിറ്റേജ് ബുള്‍ക്കാവോ ഫാം’ എന്ന പേരിലാണ് ഇവിടം ഇപ്പോള്‍ അറിയപ്പെടുന്നത്.

മരങ്ങള്‍ ആവശ്യത്തിന് വന്നതോടെ ജന്തുജാലങ്ങളും പക്ഷിമൃഗാദികളുമെല്ലാം ഇവിടെയെത്തി. ഒസെലോട്ട്, പര്‍പ്പിള്‍ ബ്രെസ്റ്റഡ് തത്ത, അറ്റ്‌ലാന്റിക് ടിറ്റി എന്നിവയുള്‍പ്പെടെ നൂറുകണക്കിന് ജന്തുജാലങ്ങള്‍ റിയോ ഡോസിലേക്ക് മടങ്ങിയെത്തി. ഇവയില്‍ നിന്നും 173 ഇനം പക്ഷികളെ മാത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. താല്‍പ്പര്യമുള്ള പ്രകൃതി സ്‌നേഹികള്‍ക്ക് അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ സല്‍ഗാഡോയുടെ പദ്ധതിയിലേക്ക് സംഭാവന നല്‍കാം അല്ലെങ്കില്‍ റിസര്‍വിലേക്കുള്ള സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്യാം.