Oddly News

വ്യാഴാഴ്ച ടൂറില്‍ പിശാചുക്കള്‍ വേട്ടയാടും ; ദുരൂഹ മരണങ്ങളുടെയും പ്രേതകഥകളുടേയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ്

പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ ലിഫ്റ്റില്‍ നിന്ന് നിലവിളിച്ചു. ന്യൂസിലാന്‍ഡ് പാര്‍ലമെന്റിന്റെ ബേസ്‌മെന്റ് ഇടനാഴിയില്‍ ഉണ്ടായിരുന്ന ചെറിയ ജനക്കൂട്ടം ഒന്നു ഞെട്ടി. ‘ലിഫ്റ്റിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം’ അവള്‍ പറഞ്ഞു. പക്ഷേ ആരും ലിഫ്റ്റിലേക്ക് കയറാന്‍ കൂട്ടാക്കിയില്ല. ദുരൂഹമായ മരണങ്ങള്‍, വിശദീകരിക്കാനാകാത്ത ശബ്ദങ്ങള്‍, അപ്രതീക്ഷിത രാത്രി കാഴ്ചകള്‍ എന്നിങ്ങനെ പതിവുള്ളതല്ല. ന്യൂസിലന്റിന്റെ വെല്ലിംഗ്ഡണിലെ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള വ്യാഴാഴ്ച ടൂറുകള്‍ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ ‘പ്രേതാനുഭവം’ നല്‍കും.

പാര്‍ലമെന്റിന്റെ ചരിത്രവും പൗരാണികവും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഗൈഡുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ വിക്ടോറിയന്‍ കാലഘട്ടത്തിലെ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടും. 1883-ല്‍ ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ച പാര്‍ലമെന്റിലെ ഗാംഭീര്യമുള്ള ലൈബ്രറിയുടെ ചരിത്രം അശുഭസംഭവങ്ങളുടെ വിവരണങ്ങളാലും പേടിപ്പെടുത്തുന്ന കഥകളാലും സമ്പന്നമാണ്. കെട്ടിടം തീപിടുത്തങ്ങള്‍, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, കാട്ടുപൂച്ചകളുടെ ആക്രമണം എന്നിവയെ അതിജീവിച്ചതാണ്.

പാര്‍ലമെന്റ് സമ്മേളനമില്ലാത്ത ആഴ്ചകളിലാണ് സ്പൂക്കി ടൂറുകള്‍. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പര്യടനങ്ങളിലാണ് പ്രേതവേഷങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അവ നിഗൂഢ മരണങ്ങള്‍, വിശദീകരിക്കാനാകാത്ത ചില ശബ്ദങ്ങള്‍, പ്രേതരൂപങ്ങള്‍ എന്നിവയെ പ്രദര്‍ശിപ്പിക്കും. പതിറ്റാണ്ടുകളായി പാര്‍ലമെന്റ് കെട്ടിടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളാണ് മുന്നിലെത്തുക. ഗൈഡുകള്‍ വിക്ടോറിയന്‍ കാലഘട്ടത്തിലെ കഥാപാത്രങ്ങളുടെ വേഷത്തില്‍ വ്യാജരക്തമൊക്കെ പൂശി പ്രേതവേഷത്തില്‍ സഞ്ചാരികള്‍ക്ക് മുന്നിലെത്തും.

ടൂറിന്റെ പ്രധാനഇടം പ്രേതബാധയുണ്ടെന്ന് കിംവദന്തിയുള്ള അതിന്റെ ലൈബ്രറിയാണ്. ഇപ്പോഴും ലൈബ്രറി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, സുരക്ഷാ ജീവനക്കാരും ക്ലീനര്‍മാരും രാത്രി ഷിഫ്റ്റില്‍ ഇപ്പോഴും ലൈബ്രറിയെ ഭയപ്പെടുന്നു. കഥയിലെ മറ്റൊരുഭാഗം മുന്‍ നിയമസഭാംഗങ്ങളുടെ പ്രേതങ്ങളാണ്. ഒരു റിവോള്‍വറുമായി മരിച്ച നിലയില്‍ കണ്ടെത്തിയ വില്യം ലാര്‍നാച്ചിനെ പ്രേതമാണ് അതിലൊന്ന. ഈ മൃതദേഹത്തിന്റെ തലയോട്ടി ഒരിക്കല്‍ മോഷ്ടിക്കപ്പെട്ടു. ഒരു നൂറ്റാണ്ടിനുശേഷമാണ് അത് കണ്ടെത്തിയത്.

പാര്‍ലമെന്റിന്റെ ആദ്യ മുഴുസമയ ലൈബ്രേറിയന്‍, അമിത ജോലിഭാരം മൂലം മരണമടഞ്ഞതെന്ന് കരുതപ്പെടുന്ന ഇവന്‍ മക്കോളിന്റെ പ്രേതവും ഹാളുകളെ വേട്ടയാടുന്നതായി പറയപ്പെടുന്നു. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കൂമ്പാരങ്ങളില്‍ നിന്ന് കൈകള്‍ നീണ്ടുവരാറുണ്ടെന്നും ഒഴിഞ്ഞ കുളിമുറികളില്‍ നിന്ന് പാട്ടുകള്‍ കേള്‍ക്കാമെന്നും കണ്ണാടിയില്‍ ഒരു പ്രേത സ്ത്രീയുടെ രൂപം പ്രത്യക്ഷപ്പെടുന്നതും, പൂട്ടിയ വാതിലുകള്‍ പെട്ടെന്ന് തുറക്കുക എന്നിങ്ങനെയൊക്കെ പ്രേതകഥകളുണ്ട്. 1968-ല്‍ ഒരു ഭീകരമായ കൊടുങ്കാറ്റ് കെട്ടിടത്തെ ബാധിച്ചു. അന്ന് ഒരു യാത്രാബോട്ട് മുങ്ങി 53 പേരാണ് മരിച്ചത്. കാറ്റില്‍ ലൈബ്രറി കെട്ടിടത്തിനും പുസ്തകങ്ങള്‍ക്കും കേടുപാടുകള്‍ വരാന്‍ കാരണമായി.