ഹോളിവുഡിലെ ഒട്ടുമിക്ക ആക്ഷന്‍ഹീറോകളെയും ഉള്‍പ്പെടുത്തിയാണ് സില്‍വെസ്റ്റര്‍ സ്റ്റാലന്‍ എക്‌സ്പാന്‍ഡബിള്‍സ് പരമ്പരചിത്രം വികസിപ്പിച്ചത്. നാലു ഭാഗങ്ങള്‍ വന്നിട്ടും ഹോങ്കോംഗ് ആക്ഷന്‍ സ്റ്റാര്‍ ജാക്കിച്ചാന്‍ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. 50 വര്‍ഷമായി അഭിനയരംഗത്തുള്ള സ്റ്റണ്ടിന്റെയും ആക്ഷന്‍ രംഗങ്ങളുടേയും കാര്യത്തില്‍ മറ്റാരേക്കാളും മുന്നിലുള്ള ജാക്കി എന്തുകൊണ്ടാണ് ഇതുവരെ ആക്ഷന്‍ ഹീറോകള്‍ ഒന്നിച്ച എക്‌സ്പാന്‍ഡബിള്‍സിന്റെ ഭാഗമായില്ല എന്നാണ് ആരാധകരുടെ ചോദ്യം.
അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍, ബ്രൂസ് വില്ലിസ്, ഹാരിസണ്‍ ഫോര്‍ഡ് എന്നിവരുള്‍പ്പെടെ മറ്റ് ആക്ഷന്‍ ഇതിഹാസങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ജാക്കിയെ മനപ്പൂര്‍വ്വം അവഗണിക്കുകയാണെന്നും കരുതി. എന്നാല്‍ ഈ ആക്ഷേപത്തിന് മറുപടിയുമായി സിനിമയുടെ അണിയറക്കാര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എക്സ്പെന്‍ഡബിള്‍സിന്റെ തുടക്കം മുതല്‍ ചാനെ സിനിമയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സില്‍വസ്റ്റര്‍ സ്റ്റാലന്‍ പറയുന്നത്. എക്സ്പാന്‍ഡബിള്‍സ് 2, ദി എക്സ്പെന്‍ഡബിള്‍സ് 3 എന്നിവയ്ക്കായി ചാനെ റിക്രൂട്ട് ചെയ്യാന്‍ സ്റ്റാലന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രണ്ട് അവസരങ്ങളും നിരസിച്ചത് ജാക്കിയായിരുന്നു.
ആദ്യഭാഗത്ത് ചാനെ ഉള്‍പ്പെടുത്താന്‍ നടത്തിയ ശ്രമം ഷെഡ്യൂള്‍ പ്രശ്‌നം കാരണം മുടങ്ങി. അടുത്ത സിനിമകളില്‍ തനിക്ക് കിട്ടിയേക്കാവുന്ന സ്‌ക്രീന്‍ടൈമിന്റെ കാര്യം പറഞ്ഞ് മുടക്കിയത് ജാക്കി തന്നെയായിരുന്നു. എക്സ്പെന്‍ഡബിള്‍സ് 4 ല്‍ ജേസണ്‍ സ്റ്റാതത്തെയാണ് മുന്‍നിരയില്‍ നിര്‍ത്തിയിട്ടുള്ളത്. സ്റ്റാലണില്‍ നിന്ന് സ്റ്റാതമിലേക്ക് പോകുന്ന സിനിമ ദി എക്സ്പെന്‍ഡബിള്‍സ് ഫ്രാഞ്ചൈസി അടുത്ത പതിപ്പുകളില്‍ പുതിയ താരങ്ങളെ തേടുന്നു എന്ന സൂചനയാണ് നല്‍കുന്നത്. അങ്ങിനെ വരുമ്പോള്‍ എക്‌സ്പാന്‍ഡബിള്‍സിന്റെ അഞ്ചാം പതിപ്പില്‍ ജാക്കിയെത്തിയേക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
അതേസമയം സിനിമയുടെ പുതിയ പതിപ്പിന് ആരാധകരില്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സിനിമയുടെ മോശമായ സാമ്പത്തിക വരുമാനം അഞ്ചാം പതിപ്പിനുള്ള ചാന്‍സ് വിരളമാക്കുന്നുണ്ട്. റോട്ടന്‍ ടൊമാറ്റോസില്‍ സിനിമയുടെ റേറ്റിംഗ് 15% ആയി കുറയുക മാത്രമല്ല ബോക്‌സോഫീസില്‍ 8.3 മില്യണ്‍ ഡോളറേ നേടാനും കഴിഞ്ഞിട്ടുള്ളൂ. എക്‌സ്പാന്‍ഡബിള്‍സ് സീരീസിലെ ഏറ്റവും മോശം സിനിമയായിട്ടാണ് നാലാം പതിപ്പിനെ പലരും വിലയിരുത്തുന്നത്.