Celebrity

തെരുവിലെ വഴക്കാളിയെ മാതാപിതാക്കള്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിക്കാന്‍ വിട്ടു; അയാള്‍ ഇതിഹാസമായി

ബ്രൂസ് ലീയെ കുറിച്ച് ചിന്തിക്കാതെ മാര്‍ഷല്‍ ആര്‍ട്സ് സിനിമകളെക്കുറിച്ച് ഒരിക്കലും പറയാനാകില്ല. സിനിമയുടെ ഈ വിഭാഗത്തിലെ ഇതിഹാസതാരമായ അദ്ദേഹം വേഗതയേറിയതും ശക്തവും കൃത്യവുമായ സ്റ്റണ്ടരംഗങ്ങള്‍ വഴി ലോകത്തുടനീളം ലക്ഷക്കണക്കിന് ആരാധകരെയാണ് സമ്പാദിച്ചത്. ആയോധന കലകളുടെ ലോകത്ത് ഐതിഹാസിക പദവിയില്‍ എത്തിയിട്ടുള്ള അദ്ദേഹം മാര്‍ഷ്യല്‍ ആര്‍ട്സിന് പുറമേ അധ്യാപകനും നടനും കവിയും തത്ത്വചിന്തകനുമായിരുന്നു.

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ അദ്ദേഹം കീഴടക്കിയത് കുങ്ഫു അടിസ്ഥാനമാക്കിയ മാര്‍ഷല്‍ ആര്‍ട്സ് സിനിമകളിലൂടെയായിരുന്നു. കുംങ്ഫൂ എന്ന ആയോധനകല പാശ്ചാത്യ രാജ്യങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ബ്രൂസ്. 32-ാം വയസ്സില്‍ പെട്ടെന്നുള്ള മരണം ലോകത്തിന് സമ്മാനിച്ചത് വന്‍ നഷ്ടമായിരുന്നു.

1940 നവംബര്‍ 27 ന് കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ലീ ജുന്‍-ഫാന്‍ ആയിട്ടായിരുന്നു ബ്രൂസ് ലീ ജനിച്ചത്. മൂന്ന് മാസത്തിന് ശേഷം അദ്ദേഹം തന്റെ അമ്മ ഗ്രേസ് ഹോയ്ക്കും ഓപ്പറ കലാകാരനും ചലച്ചിത്ര താരവുമായ പിതാവ് ലീ ഹോയ്-ച്യൂനോടൊപ്പം ഹോങ്കോങ്ങിലേക്ക് മാറി. ബ്രൂസ് ലീക്ക് പീറ്റര്‍ ലീ, റോബര്‍ട്ട് ലീ എന്നീ രണ്ട് സഹോദരന്മാരും ഫോബ് ലീ, ആഗ്നസ് ലീ എന്നീ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു.

1950-ല്‍, പത്തു വയസ്സില്‍ ബാലതാരമായി തന്റെ പിതാവിനൊപ്പം അഭിനയിച്ച ‘ദി കിഡ്’ എന്ന സിനിമയിലാണ് ലീ തന്റെ ആദ്യത്തെ വലിയ വേഷം ചെയ്തത്. ചെറുപ്പത്തില്‍ ബ്രൂസ് ലീ നിരന്തരം തെരുവ് വഴക്കുകളില്‍ ഏര്‍പ്പെടുകയും സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തു, അതിനാല്‍ അവന്റെ മാതാപിതാക്കള്‍ അവനെ ആയോധനകല പഠിക്കുവാന്‍ വിട്ടു.

1957-ല്‍, 16-ാം വയസ്സില്‍, കുങ്ഫു മാസ്റ്ററായ യിപ് മാനില്‍ നിന്നാണ് ലീ വിംഗ് ചുന്‍ പഠിക്കാനായി എത്തിയത്. എന്നാല്‍ ആദ്യം ആയോധനകല പരിശീലനം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. ലീയുടെ മാതാവ് പകുതി ജര്‍മ്മന്‍കാരി ആയതാണ് കാരണം. ഏഷ്യക്കാരല്ലാത്തവരെ അന്ന് ഹോങ്കോങ്ങില്‍ ആയോധനകലകള്‍ പഠിപ്പിച്ചിരുന്നില്ല. അതുകൊണ്ട് അദ്ദേഹം മാസ്റ്ററില്‍ നിന്ന് സ്വകാര്യമായി പഠനം തുടര്‍ന്നു. എന്നാല്‍ ബ്രൂസ് ലീ വെറും വിംഗ് ചുനിനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്നയാളല്ല. അദ്ദേഹം ബോക്സിംഗും തിരഞ്ഞെടുത്തു, 1958 ല്‍ ഹോങ്കോംഗ് സ്‌കൂള്‍ ബോക്സിംഗ് ടൂര്‍ണമെന്റില്‍ ബ്രൂസ് ലീ വിജയിച്ചു.

എന്നാല്‍ ലീ തന്റെ വഴക്കാളി സ്വഭാവം അവസാനിപ്പിച്ചിരുന്നില്ല. 1959ല്‍ ഉന്നതസ്വാധീനമുള്ള ഒരു ആണ്‍കുട്ടിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് , ലീയുടെ മാതാപിതാക്കള്‍ അവനെ സഹോദരിയോടൊപ്പം താമസിക്കാന്‍ അമേരിക്കയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. സിയാറ്റിലില്‍ സ്ഥിരതാമസമാക്കിയതോടെ അദ്ദേഹം ആയോധനകല പഠിപ്പിക്കാന്‍ തുടങ്ങി. ഒടുവില്‍ സ്വന്തം ആയോധന കല സ്‌കൂള്‍ ജുന്‍ ഫാന്‍ ഗംഗ് ഫു ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു.

മാര്‍ഷ്യല്‍ ആര്‍ട്സില്‍ പോരാട്ട ശൈലി അദ്ദേഹം വികസിപ്പിക്കുകയും ഫെന്‍സിങ്, ബോക്സിംഗ് തുടങ്ങിയ മറ്റ് കായിക ഇനങ്ങളുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തന്റെ സിനിമകളിലൂടെ കൂടുതല്‍ അറിയപ്പെടുന്നതെങ്കിലും, ‘ദി ഗ്രീന്‍ ഹോര്‍നെറ്റ്’ എന്ന ടിവി ഷോയിലും ലീ അഭിനയിച്ചു. 1966-ല്‍ ഈ ടിവി സീരീസ് ബ്രൂസ് ലീയെ അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ‘മാര്‍ലോ,’ ‘ദി ബിഗ് ബോസ്,’ ‘ഫിസ്റ്റ് ഓഫ് ഫ്യൂറി,’ ‘ദി വേ ഓഫ് ദി ഡ്രാഗണ്‍,’ എന്നിങ്ങനെ ചുരുക്കം ചില സിനിമകള്‍ മാത്രമേ ബ്രൂസ് ലീ യുഎസില്‍ നിര്‍മ്മിച്ചിട്ടുള്ളൂ.

അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ ചിത്രമായ ‘എന്റര്‍ ദി ഡ്രാഗണ്‍’ മരണാനന്തരമാണ് പുറത്തിറങ്ങിയത്. ‘ഗെയിം ഓഫ് ഡെത്ത്’ എന്ന സിനിമ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ബ്രൂസ് ലീ മരിച്ചു. അസാമാന്യ വേഗതയുള്ളവനായിരുന്നു ബ്രൂസ് ലീയുടേത്. അക്കാലത്ത് ക്യാമറകള്‍ക്ക് ഇത്രയും വേഗം ഇല്ലാതിരുന്നതിനാല്‍ ഷൂട്ടിംഗ് സമയത്ത് അദ്ദേഹത്തിന് തന്റെ ചലനങ്ങള്‍ മന്ദഗതിയിലാക്കേണ്ടി വന്നിരുന്നു.

ബ്രൂസ് ലീക്ക് കവിതയിലും തത്ത്വചിന്തയിലും താല്‍പ്പര്യമുണ്ടായിരുന്നു. കോളേജില്‍ ഈ വിഷയങ്ങള്‍ പഠിച്ചു. കോളേജില്‍ വെച്ചാണ് അദ്ദേഹം തന്റെ ഭാര്യ ലിന്‍ഡ ലീ കാഡ്വെല്ലിനെ കണ്ടുമുട്ടിയത്. അവര്‍ക്ക് ബ്രാന്‍ഡന്‍ ലീ, ഷാനന്‍ ലീ എന്നീ രണ്ട് കുട്ടികളുണ്ടായി. ആദ്യ കുട്ടി പിതാവിന്റെ പാത പിന്തുടര്‍ന്ന് ഹോളിവുഡിലെത്തി. എന്നാല്‍ 1993-ല്‍ ‘ദി ക്രോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബ്രാന്‍ഡന്‍ ലീക്ക് ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടു. യഥാര്‍ത്ഥ വെടിയുണ്ടകള്‍ അടങ്ങിയ പ്രൊപ്പ് ഗണ്‍ ഉപയോഗിച്ച സെറ്റില്‍ വെടിയേറ്റ് മരിച്ചു.

ബ്രൂസ് ലീക്ക് നടി ബെറ്റി ടിംഗ് പേയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു, അദ്ദേഹത്തെ ജീവനോടെ കണ്ട അവസാന വ്യക്തിയും ടിംഗ് പേ ആയിരുന്നു. 1973 ജൂലായ് 20-ന് 32-ആം വയസ്സില്‍ ഉറക്കത്തില്‍ ബ്രൂസ് ലീ അന്തരിച്ചു.