ബാങ്കോക്ക്: കിരീടം ഏറ്റുവാങ്ങാന്‍ ആത്മവിശ്വാസത്തോടെ ക്യാറ്റ്‌വാക്ക് നടത്തി മിസ് പനാമ ഇസമാര്‍ ഹെരേര(31). കണ്ടുനിന്നവര്‍ കൈയടിച്ചു. സംഘാടകര്‍ ഞെട്ടി! സുന്ദരി വേദിയിലെത്തിയതും അറിയിപ്പെത്തി, ഇസമാറിനെ ക്ഷണിച്ചിട്ടില്ല…
തായ്‌ലന്‍ഡില്‍ നടന്ന മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തിന്റെ ഫൈനലിലാണു മിസ് പനാമയ്‌ക്ക് അബദ്ധം പറ്റിയത്. യഥാര്‍ഥത്തില്‍ മിസ് പരാഗ്വേ സെസിലിയ റൊമേറോയാണു വിജയിച്ചത്. ‘മിസ് പരാഗ്വേ’ എന്നാണു സംഘാടകര്‍ പ്രഖ്യാപിച്ചതും. പക്ഷേ, ഇസമാര്‍ കേട്ടത് ‘മിസ് പനാമ’ എന്നായിപ്പോയി. വേദിയിലെത്തിയ അവരോട് അവതാരകന്‍ ‘അഭിനന്ദനങ്ങള്‍’ എന്നും പറഞ്ഞു. തൊട്ടുപിന്നാലെയാണ് അബദ്ധം തിരിച്ചറിഞ്ഞത്.
എതിരാളിക്കായി വഴിമാറാന്‍ നിര്‍ദേശം ലഭിച്ചപ്പോള്‍ അവര്‍ നിരാശയോടെ പിന്മാറി.
ക്യാമറകള്‍ ഇസമാറിനു നേരെ തിരിച്ചപ്പോള്‍, അവര്‍ ദുഃഖം മറ്റുള്ളവര്‍ കാണാതിരിക്കാണ്‍ പിറകുവശം തിരിഞ്ഞുനിന്നു.
‘ഈ ഹാളില്‍ വലിയ ശബ്‌ദമാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആരാധകര്‍ ഇവിടെയുണ്ട്‌്. അതാണു തെറ്റുപറ്റാന്‍ കാരണം’- അവതാരകന്‍ വിശദീകരിച്ചു. അബദ്ധം ഇസമാറിനു സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണ നേടിക്കൊടുത്തു. ഇന്‍സ്‌റ്റാഗ്രാമില്‍ അവരുടെ ഫോളോവര്‍മാരുടെ എണ്ണം കുതിയ്‌ക്കുകയാണ്. ‘ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. അതൊരു തെറ്റായിരുന്നു, ഇതൊരു മത്സരമാണ്. തോല്‍വി അംഗീകരിക്കാനും മറ്റുള്ളവരുടെ വിജയത്തെ അഭിനന്ദിക്കാനും ഞാന്‍ തയാറാണ്’- പിന്നീട് അവര്‍ പ്രതികരിച്ചു.




