പീരുമേട്: കൊക്കയാര്‍ പഞ്ചായത്ത് പത്താം വാര്‍ഡായ നാരകംപുഴയില്‍ മത്സരത്തിന് നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്നത് ആങ്ങളയും പെങ്ങളും. കട്ടപ്ലാക്കല്‍ അബ്ദുല്‍ സലാമിന്റെ മക്കളായ അയ്യൂബ് ഖാന് കട്ടപ്ലാക്കലും, സഹോദരി അന്‍സല്‍ന സക്കീറും തമ്മിലാണ് ഇവിടെ മത്സരം.
അയൂബ് ഖാന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും അന്‍സല്‍ന സി.പി.എം. സീറ്റിലുമാണ് മത്സര രംഗത്തുള്ളത്. വാര്‍ഡ് നറുക്കെടുപ്പു നടന്ന അന്ന് തന്നെ അയ്യൂബ്ഖാന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്സല്നയുടെ സ്ഥാനാര്‍ഥിത്വം സി.പി.എം. പ്രഖ്യാപിച്ചതോടെ മത്സര രംഗം സജീവമായി.
നാരകംപുഴ വാര്‍ഡിലെ ഇപ്പോഴത്തെ മെമ്പര്‍ കൂടിയാണ് അന്‍സല്‍ന. അയ്യൂബ് ഖാന് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും. 2015ല്‍ നാരകംപുഴ വാര്‍ഡില്‍ അന്‍സല്‍നയും കൊക്കയാര്‍ വാര്‍ഡില്‍ അയ്യൂബും മത്സരിച്ചെങ്കിലും ഇരുവരും പരാജയപ്പെടുകയായിരുന്നു.




