Crime

കസ്‌റ്റഡി മര്‍ദനം; ഹോട്ടല്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നു പരാതിക്കാരന്‍, തന്നത് 5,000 രൂപ മാത്രം, പുതിയ വെളിപ്പെടുത്തല്‍

പീച്ചിയിലെ പോലീസ്‌ കസ്‌റ്റഡി മര്‍ദനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ദിനേശ്‌. പട്ടിക്കാട്‌ ലാലീസ്‌ ഫുഡ്‌ ആന്‍ഡ്‌ ഫണ്‍ ഹോട്ടലില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വണ്ടാഴി സ്വദേശി ദിനേശ്‌ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഹോട്ടലുടമ ഔസേപ്പിനെയും ജീവനക്കാരെയും പോലീസ്‌ സ്‌റ്റേഷനില്‍വെച്ച്‌ മര്‍ദിച്ചത്‌.

ഔസേപ്പിന്റെ ഹോട്ടലില്‍ വെച്ച്‌ ജീവനക്കാരില്‍നിന്ന്‌ തനിക്ക്‌ ക്രൂരമര്‍ദനം ഏറ്റിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ടെന്നുമാണ്‌ ദിനേശ്‌ പറയുന്നത്‌. ഹോട്ടല്‍ ഉടമ ഔസേപ്പിന്റെ കൈയില്‍നിന്ന്‌ വാങ്ങിയത്‌ 5,000 രൂപ മാത്രമാണെന്നു ദിനേശ്‌ പറയുന്നു. ‘ ആശുപത്രിച്ചെലവിനായാണ്‌ പണം വാങ്ങിയത്‌. അഞ്ച്‌ ലക്ഷം രൂപ നല്‍കിയെന്ന്‌ പറഞ്ഞത്‌ കള്ളമാണ്‌. ഔസേപ്പിന്റെ ഹോട്ടലില്‍ ജോലി നല്‍കാമെന്നു പറഞ്ഞതു കൊണ്ടാണ്‌ പരാതി പിന്‍വലിച്ചത്‌.

എസ്‌.ഐ. ഔസേപ്പിനെയും ജീവനക്കാരെയും പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചു നടത്തിയ സന്ധി സംഭാഷണത്തില്‍ തനിക്ക്‌ ഹോട്ടലില്‍ ജോലി നല്‍കാമെന്നും വീട്ടിലേക്ക്‌ വരണം എന്നും പറഞ്ഞ്‌ വിളിച്ചുകൊണ്ടു പോവുകയായിരുന്നു. പണമടങ്ങുന്ന കവര്‍ തന്റെ കൈയില്‍ തന്നെങ്കിലും പിന്നീടത്‌ കാറില്‍ വെച്ച്‌ അവരുടെ ഡ്രൈവര്‍ തന്നെ തിരികെ വാങ്ങിച്ചു. 5,000 രൂപ മാത്രമാണ്‌ ചികിത്സാ ചെലവിനെന്നു പറഞ്ഞ്‌ കൈയില്‍ വച്ചുതന്നത്‌.

പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ ഒത്തുതീര്‍പ്പായ ശേഷം ബാക്കി നല്‍കാമെന്നാണു പറഞ്ഞത്‌.’-ദിനേശ്‌ പറഞ്ഞു. ഔസേപ്പ്‌ കമ്മിഷണര്‍ക്ക്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്തിയ അന്നത്തെ മണ്ണുത്തി സി.ഐ. ഷുക്കൂര്‍ എന്നെ ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ദിനേശ്‌ ആരോപിച്ചു. എന്നാല്‍ ദിനേശിന്റെ ആരോപണങ്ങള്‍ ഹോട്ടല്‍ ഉടമ ഔസേപ്പ്‌ തള്ളിക്കളഞ്ഞു. തന്റെ വീടിന്റെ മുന്‍പില്‍ വെച്ചാണ്‌ അഞ്ച്‌ ലക്ഷം രൂപ കൊടുത്തതെന്നും ഔസേപ്പ്‌ പറഞ്ഞു. ‘ 50,000ന്റെ കെട്ടുകളാണ്‌ കൊടുത്തത്‌.

നാല്‌ ലക്ഷം രൂപ പ്‌ളാസ്‌റ്റിക്ക്‌ കവറിലാക്കിയാണ്‌ നല്‍കിയത്‌. നാല്‌ ലക്ഷം പോരെ എന്ന്‌ ഞാന്‍ ചോദിച്ചിരുന്നു. അത്‌ പോരെന്നും അഞ്ച്‌ ലക്ഷം തന്നെ വേണമെന്നും അതില്‍ മൂന്ന്‌ ലക്ഷം രൂപ പോലീസുകാര്‍ക്കുള്ളതാണെന്നുമാണ്‌ ദിനേശ്‌ പറഞ്ഞത്‌. എനിക്കൊപ്പം ആ സമയത്ത്‌ ഡ്രൈവറുമുണ്ടായിരുന്നു. പണവുമായി ദിനേശിന്റെ കാറില്‍ തന്നെയാണ്‌ പീച്ചി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പോയത്‌. പണം കാറില്‍ വെച്ച്‌ ലോക്ക്‌ ചെയ്‌തതിന്‌ ശേഷമാണ്‌ ദിനേശ്‌ സ്‌റ്റേഷനിലേക്ക്‌ കയറി പോയതും പരാതിയില്ലെന്ന്‌ പോലീസ്‌ ഉദ്യോഗസ്‌ഥരോട്‌ പറഞ്ഞതും.
പിന്നീടാണ്‌ അര മണിക്കൂര്‍ കഴിഞ്ഞ്‌ ജീവനക്കാരെയും മകനെയും പോലീസുകാര്‍ വിട്ടയച്ചത്‌. ബിസിനസിലെ തലേ ദിവസത്തെ പണമാണ്‌ ദിനേശിന്‌ കൊടുത്തത്‌.’- ഔസേപ്പ്‌ പറഞ്ഞു.