Health

എന്ത്, തേങ്ങയോ ? കുട്ടികളിലെ മോണരോഗം തടയാന്‍ തേങ്ങയ്ക്ക് സാധിക്കും; പഠനം പറയുന്നത്

പലരേയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മോണരോഗം. പെരിഡോന്റല്‍ പതൊജനുകള്‍ എന്നറിയപ്പെടുന്ന ബാക്ടീരിയാണ് ഇതിന് കാരണമാകുന്നത്. ഇത് മോണകളില്‍ വീക്കം സൃഷ്ടിക്കുന്നു. ചികിത്സിക്കാതെ ഇരുന്നാല്‍ പല ഗുരുതര പ്രശനങ്ങളിലേക്കും നയിക്കാം. ഈ രോഗം തടയാന്‍ വായയുടെ ശുചിത്വം പ്രധാനമാണ്. എന്നാല്‍ വായയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന പല ഉല്‍പന്നങ്ങളും വളരെ പരുക്കനാണ്. ചെറിയകുട്ടികള്‍ക്കും പ്രായമായവര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിലുള്ള അണുനാശിനികള്‍ അസ്വസ്ഥത ഉണ്ടാക്കാം.

കുറച്ചു മൃദുവായതും എന്നാൽ ഫലപ്രദമായ ഒരു ആന്റി ബാക്ടീരിയൽ ഏജന്റിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് പ്രഫസര്‍ ഷിഗേകി കാമിറ്റാനിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഇതിനായി ഒരു പരിഹാരം കണ്ടെത്തിയത്. ഏഴ് വ്യത്യസ്ത സംയുക്തങ്ങളിലാണ് അവര്‍ ശ്രദ്ധ കൊടുത്തത്. മോണരോഗത്തിനു കാരണമായ പോര്‍ഫൈറോമോണാസ് ജിഞ്ചിവാലിസ് എന്ന ബാക്ടീരിയയ്ക്കെതിരെ ഇവ ഫലപ്രദമാണോ എന്ന് പരിശോധിച്ചു.
പ്രൂനിന്‍ ലോമേറ്റ് (Pru-C 12) എന്ന സംയുക്തത്തിന് ആന്റി മൈക്രോബിയല്‍ ഗുണങ്ങളുണ്ടെന്ന് പഠനത്തില്‍ കണ്ടു. തേങ്ങയില്‍ നിന്നും നാരക ചെടിയില്‍ നിന്നും ലഭിക്കുന്ന സംയുക്തമാണ്. മോണരോഗത്തിനുള്ള സുരക്ഷിതവും ഫലപ്രദവുമായ ഒരു ചികിത്സയാ​ണ് ഇതെന്ന അവര്‍ കണ്ടെത്തി.

അലര്‍ജി ഒട്ടും തന്നെ ഇല്ലാത്തതിനാല്‍ ഏത് പ്രായക്കാര്‍ക്കും ഇത് ഉപയോഗിക്കാനായി സാധിക്കും. വളരെ ചെലവു കുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ ഒരു ആന്റി മൈക്രോബിയല്‍ സൊല്യൂഷന്‍ ആകാന്‍ പ്രൂനിന്‍ ലോറേറ്റിനു കഴിയും എന്ന് പ്രഫസര്‍ കാമിറ്റാനി പറയുന്നു. ഫുഡ്സ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.