Featured Oddly News

ചൈനയില്‍ തരംഗമായി പാറ്റാ കാപ്പി! പൊടിച്ച പാറ്റയും ഉണക്കിയ പുഴുക്കളും ചേര്‍ക്കും, വില 570 രൂപ !

ബെയ്‌ജിങ്‌: നമ്മുടെ കാപ്പിയിലെങ്ങാനും പാറ്റാവീണാല്‍… പക്ഷേ, ചൈനയില്‍ പാറ്റാ കാപ്പി തരംഗമായി മാറുകയാണ്‌. പൊടിച്ച പാറ്റായും ഉണക്കിയ പുഴുക്കളെയും ചേര്‍ത്താണ്‌ അവര്‍ കാപ്പി തയാറാക്കുന്നത്‌.

45 യുവാനാണ്‌ (ഏകദേശം 570 രൂപ) ഇതിന്റെ വില. ചൈനയിലെ സാഹസികരായ യുവ ഉപഭോക്‌താക്കള്‍ക്കിടയില്‍ ഈ കാപ്പി തരംഗമായി മാറിക്കഴിഞ്ഞു. അതു കുടിച്ചവര്‍ പറയുന്നത്‌ പാറ്റാ കാപ്പിയുടെ രുചി ‘കരിഞ്ഞതും അല്‍പ്പം പുളിച്ചതുമാണെന്നാണ്‌’.
ബെയ്‌ജിങ്ങിലെ ഒരു പ്രാണി മ്യൂസിയത്തിലാണു പാറ്റാ കാപ്പി അവതരിപ്പിക്കപ്പെട്ടത്‌. കഴിഞ്ഞ ജൂണിലാണ്‌ ഈ പാനീയം പുറത്തിറക്കിയതെങ്കിലും,അടുത്തിടെയാണ്‌ ഇത്‌ വൈറലായത്‌. ‘ പ്രാണികളുടെ മ്യൂസിയം എന്ന നിലയില്‍, ഇതിന്‌ അനുയോജ്യമായ പാനീയങ്ങള്‍ ഉണ്ടാക്കുന്നത്‌ നല്ല ആശയമായി തോന്നി’ – അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞു. അത്‌ പ്രധാനമായും യുവജനങ്ങളെയാണ്‌ ആകര്‍ഷിക്കുന്നതെന്നും, കുട്ടികള്‍ക്കൊപ്പം വരുന്ന രക്ഷിതാക്കള്‍ ഇത്‌ ഒഴിവാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂസിയം കാന്റീനില്‍ പ്രതിദിനം 10ല്‍ അധികം പാറ്റാ കാപ്പികള്‍ വിറ്റുപോകുന്നുണ്ട്‌. പ്രാണികളുടെ പൊടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചേരുവകളും പരമ്പരാഗത ചൈനീസ്‌ വൈദ്യശാലകളില്‍നിന്നാണ്‌ സുരക്ഷ ഉറപ്പുവരുത്തി വാങ്ങുന്നത്‌. പാറ്റാ പൊടി രക്‌തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും, പ്രോട്ടീന്‍ നിറഞ്ഞ മഞ്ഞ പുഴുക്കള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും ചൈനീസ്‌ നാട്ടു വൈദ്യന്മാര്‍ അവകാശപ്പെടുന്നു.

പാറ്റാ കാപ്പി, പരീക്ഷണാടിസ്‌ഥാനത്തില്‍ തയാറാക്കിയ വിവിധ പാനീയങ്ങളുടെ ഭാഗമാണ്‌. കൂടാതെ, ഒരുതരം ‘പിറ്റ്‌ച്ചര്‍ പ്ലാന്റ്‌’ എന്ന ചെടിയുടെ ദഹനരസങ്ങള്‍ ചേര്‍ത്തുള്ള ഒരു പാനീയവും ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഹാലോവീന്‍ സമയത്ത്‌ എലി ഇറച്ചി ചേര്‍ത്ത പരിമിത പതിപ്പ്‌ പാനീയവും വിറ്റിരുന്നു. എലി ഇറച്ചി ചേര്‍ത്ത കാപ്പിക്ക്‌ പുളിച്ച രുചിയാണെന്നും, പിറ്റ്‌ച്ചര്‍ പ്ലാന്റ്‌ ചേര്‍ത്തതിന്‌ സാധാരണ കാപ്പിയുടെ രുചിയാണെന്നും പറയപ്പെടുന്നു.

വിചിത്രമായ കാപ്പി വിഭവങ്ങള്‍ ചൈനയില്‍ അതിവേഗമാണു പ്രചാരം നേടുന്നതായി ‘സൗത്ത്‌ ചൈന മോണിങ്‌ പോസ്‌റ്റ്‌’ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈ വര്‍ഷമാദ്യം, യുനാന്‍ പ്രവിശ്യയിലെ ഒരു കഫേ വറുത്ത പുഴുക്കള്‍ കാപ്പിയില്‍ ചേര്‍ത്തതു തരംഗമായിരുന്നു. ജിയാങ്‌സി പ്രവിശ്യയിലെ ഒരു കഫേ വറുത്ത മുളകും എരിവുള്ള മുളകുപൊടിയും ചേര്‍ത്ത പാനീയം പരീക്ഷിച്ചിരുന്നു.