ലഹരി സമൂഹത്തില്‍ പല വിപത്തുകള്‍ക്കും വഴിവെക്കുന്നതായി നമ്മള്‍ സമീപകാല വാര്‍ത്തകളിലൂടെ അറിയുന്നുണ്ട്. ഇവിടെ കൊക്കെയ്‌നിന്റെ അമിതമായ ഉപയോഗം കാരണം ഒരു യുവതിക്ക് തന്റെ മൂക്ക് നഷ്ടമായിരിക്കുകയാണ്.
ഷിക്കാഗോ സ്വദേശിയായ കെല്ലി കൊസൈറയ്ക്കാണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായത്.70 ലക്ഷം രൂപയുടെ കൊക്കെയ്‌നാണ് 19 മാസത്തിനിടെ യുവതി ഉപയോഗിച്ചത് കൊക്കെയിന്‍ മണത്ത് കെല്ലിയുടെ മൂക്കിന്റെ സ്ഥാനത്ത് വെറും ദ്വാരം മാത്രമായി.
കെല്ലി 2017ലാണ് കൊക്കെയിന് അടിമയാകുന്നത്. രാത്രി പാര്‍ട്ടിക്ക് സുഹൃത്തിനൊപ്പം പോയതായിരുന്നു കെല്ലി. അവിടെ മദ്യവും മയക്കുമരുന്നുകളും സുലഭമായി ലഭിക്കും. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കെല്ലി കൊക്കെയിന്‍ ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. അത് പിന്നീട് അവളുടെ ജീവിതത്തിനെ അപ്പാടെ ഇല്ലാതാക്കുകയായിരുന്നു. കെല്ലിയുടെ മൂക്കിന് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അത് നിസാരമായി കണ്ടു.
കൊക്കെയിന്‍ ഉപയോഗിച്ച് മാസങ്ങള്‍ക്കകം തന്നെ അവരുടെ മൂക്കില്‍ നിന്ന് രക്തം വരാനായി ആരംഭിച്ചു. പിന്നീട് മുഖത്ത് ദ്വാരം ഉണ്ടായി. അപ്പോഴും കെല്ലി കൊക്കെയിന്‍ ഉപയോഗം തുടര്‍ന്നു. ഒടുവില്‍ മൂക്കില്‍ നിന്ന് രക്തത്തിനോടൊപ്പം മാംസഭാഗങ്ങള്‍ കൂടി പുറത്തുവന്നു. കൊക്കെയിന്റെ ഉപയോഗം മൂലം മുറിവ് സ്വയമേ ഉണങ്ങുമെന്ന ധാരണയായിരുന്നു അവര്‍ക്ക്. വേദനമാറാനായി ലഹരി ഉപയോഗം തുടര്‍ന്നു. ഒടുവില്‍ മൂക്കിന്റെ സ്ഥാനത്ത് ദ്വാരം മാത്രമാണ് അവശേഷിച്ചത്. ഇതോടെ കെല്ലിയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ പറഞ്ഞുവിടുകയായിരുന്നു.
കെല്ലിയുടെ മുഖത്ത് 15 ഓളം ശസ്ത്രക്രിയകള്‍ നടത്തി. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് മാംസവും ചര്‍മവും എടുത്താണ് മൂക്കിന്റെ സ്ഥാനത്ത് അതുപോലെ ഒരു രൂപമുണ്ടാക്കാനായി ഡോക്ടര്‍മാര്‍ക്ക് സാധിച്ചത്. മാസങ്ങളോളം ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. 2021ല്‍ ലഹരി ഉപയോഗം പൂര്‍ണമായി നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ മയക്കുമരുന്നിനെതിരെ പ്രചരണ രംഗത്ത് സജീവ സാന്നിധ്യമാണ് കെല്ലി.