മാനന്തവാടി: തൃശിലേരി ഗവ. ഫയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് മുറിയില്‍നിന്നും മൂര്‍ഖന്‍പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് നാലേമുക്കാലോടുകൂടിയാണ് പാമ്പിനെ കണ്ടെത്തിയത്. ഓഫീസ് ജിവനക്കാരി മുറിയിലേക്ക് കയറിയപ്പോള്‍ ചില സംശയം തോന്നി നോക്കിയപ്പോളാണ് വിഷപ്പാമ്പിനെ കണ്ടത്. ഭയന്നുവിറച്ച ജീവനക്കാരി ഉടന്‍ പുറത്തേക്കോടി.
പിന്നാലെ മറ്റ് അധ്യാപകരെ വിവരം അറിയിച്ചു. ഓഫീസ് മുറിയിലെ ഷെല്‍ഫിനോട് ചേര്‍ന്നാണു പാമ്പ് ഉണ്ടായിരുന്നതെന്നു ജീവനക്കാരി പറഞ്ഞതിന്റെ അടിസ്‌ഥാനത്തില്‍ അധ്യാപകര്‍ അവിടെ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്നു വനം വകുപ്പിന്റെ തന്നെ പാമ്പ് സംരക്ഷകനായ സുജിത് സ്‌ഥലത്തെത്തി ഓഫീസ് മുറിയിലെ ഷെല്‍ഫ് മറ്റൊരാളുടെ സഹായത്തോടെ നീക്കിയപ്പോള്‍ മൂര്‍ഖനെ കണ്ടെത്തുകയായിരുന്നു. ഷെല്‍ഫിന്റെ ഉള്ളിലേക്കു കയറിപോയ പാമ്പിനെ ഏറെ സാഹസപ്പെട്ടാണ് പിടികൂടിയത്.




