Uncategorized

അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി സമനിലയിലായി ; ക്ലബ്ബ് മാനേജര്‍ റഫറിയുടെ മുഖത്തടിച്ചു; തുര്‍ക്കി ലീഗില്‍ വന്‍ വിവാദം

തുര്‍ക്കി ലീഗില്‍ ക്ലബ്ബ് മാനേജര്‍ മത്സരം നിയന്ത്രിച്ച റഫറിയെ കയ്യേറ്റം ചെയ്തു. കയ്കൂര്‍ റൈസ്പോര്‍ – എംകെഇ അങ്കാറഗുകു സൂപ്പര്‍ ലിഗ് ഹോം മത്സരത്തിനൊടുവില്‍ റഫറി ഹലീല്‍ ഉമുത് മെലറിനെ എംകെഇ അങ്കാറഗുകു മാനേജര്‍ ഫാറൂക്ക് കോക്കയാണ് ആക്രമിച്ചത്. മത്സരം 1-1 സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അങ്കാറഗുകു പ്രസിഡന്റ് ഫറൂക്ക് കോക്ക റഫറിയുടെ മുഖത്ത് അടിച്ചത്. മത്സരത്തിന്റെ 96-ാം മിനിറ്റിലായിരുന്നു അങ്കാറഗുകു സമനില ഗോള്‍ വഴങ്ങിയത്. കളി കഴിഞ്ഞ് അങ്കാറഗുകു ആരാധകര്‍ പിച്ച് ആക്രമിക്കുകയും വീണു കിടന്ന മെലറിനെ ചവിട്ടുകയും ചെയ്തു.

അക്രമികള്‍ ആരാണെന്ന് വ്യക്തമല്ല. ഒടുവില്‍ പോലീസിന്റെ സഹായത്തോടെ മെലര്‍ ഡ്രസിങ് റൂമിലെത്തി.37 കാരനായ മെലര്‍ തുര്‍ക്കിയിലെ മികച്ച റഫറിമാരില്‍ ഒരാളും ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്നയാളും യുവേഫയുടെ എലൈറ്റ് റഫറി ലിസ്റ്റിലുള്ളയാളുമാണ്. സംഭവത്തിന് പിന്നാലെ ”എല്ലാ ലീഗുകളിലെയും എല്ലാ ഗെയിമുകളും അനിശ്ചിതകാലത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ടര്‍ക്കിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു.” ഫെഡറേഷന്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

സംഭവത്തില്‍ ക്ലബ്, ക്ലബ് ചെയര്‍മാന്‍, ക്ലബ്ബ് ഉദ്യോഗസ്ഥര്‍, റഫറി ഉമുത് മെലറെ ആക്രമിച്ച കുറ്റവാളികള്‍ എന്നിവര്‍ക്കെല്ലാം എതിരേ നടപടിയും നിയമപരമായ ശിക്ഷയും വരും. സംഭവത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനും വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയും മാച്ച് റഫറി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ”സ്പോര്‍ട്സ് എന്നാല്‍ സമാധാനവും സാഹോദര്യവുമാണ്. അക്രമവുമായി പൊരുത്തപ്പെടുന്നില്ല. തുര്‍ക്കി കായികരംഗത്ത് അക്രമം ഉണ്ടാകാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല.” അദ്ദേഹം എക്സില്‍ എഴുതി.

സുരക്ഷാ സേനയുടെ മേല്‍നോട്ടത്തില്‍ കൊക്ക ആശുപത്രിയില്‍ ചികിത്സയിലാണെന്നും തടങ്കല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ അറിയിച്ചു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പേരെ ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റൈസ്‌പോറും സംഭവത്തെ അപലപിച്ചു പോസ്റ്റിട്ടു. ”ഞങ്ങള്‍ ഇന്ന് കളിച്ച അങ്കാരഗുകു മത്സരത്തിന് ശേഷം ഉണ്ടായ അനഭിലഷണീയമായ സംഭവങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. മുഴുവന്‍ റഫറി കമ്മ്യൂണിറ്റികളോടും, പ്രത്യേകിച്ച് മത്സരത്തിന്റെ റഫറി, ഹലീല്‍ ഉമുത് മെലര്‍, ഉടന്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു.” ടീം അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.