പാൽ ഒരു പോഷകസമൃദ്ധമായ പാനീയമാണ്. കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നിർണായക പങ്ക് വഹിക്കുന്നു.
കൂടാതെ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, ശരീരഭാരം നിയന്ത്രിക്കുന്നതിനും, മാനസികാവസ്ഥയും തലച്ചോറിൻ്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനും, പേശികളുടെ വളർച്ചയെ സഹായിക്കുന്നതിനും ഇത് ഉപകാരപ്പെടും. എന്നാല്‍ പാൽ തിളപ്പിക്കുമ്പോഴോ മറ്റോ ഇളക്കേണ്ടി വരുന്ന ഘട്ടത്തില്‍ ഘടികാരദിശയിലും എതിർദിശയിലും (clockwise and anti-clockwise) ഇളക്കുന്നതില്‍ ചില കാര്യങ്ങളുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഇത് പാലിന്റെ ഗുണങ്ങളെയും ശരീരത്തിലെ ദോഷങ്ങളെയും സ്വാധീനിക്കുന്നു.
നമ്മുടെ മുത്തശ്ശിമാർ ഒരു ആചാരം പോലെ ഒരു സ്ഥിരമായ ദിശയിൽ പാൽ ഇളക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കാരണം ഓരോ ഇളക്കലിലും പാൽ തന്നെ മാറ്റുന്നുവെന്ന് ആയുര്‍വേദം പറയുന്നു. ചരക സംഹിതയിൽ പാലിനെ ജീവനീയ ജീവദായകമെന്നാണ് വിളിക്കുന്നത്. ഇതിനെ ബല (ശക്തിപ്പെടുത്തൽ), രസായനം (പുനരുജ്ജീവിപ്പിക്കൽ), ഓജസ് -കര (പ്രതിരോധശേഷിയും ചൈതന്യവും വർദ്ധിപ്പിക്കൽ) എന്നിങ്ങനെ വിശേഷിപ്പിക്കുന്നു.
പാൽ ഘടികാരദിശയിൽ ഇളക്കിയാൽ എന്ത് സംഭവിക്കും?
ആയുർവേദമനുസരിച്ച്, പാൽ ഘടികാരദിശയിൽ ഇളക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്, പ്രത്യേകിച്ചും വാത ദോഷം സന്തുലിതമാക്കാൻ. ഓരോ തവണ ഇളക്കുമ്പോഴും പാലിൻ്റെ ഗുണങ്ങൾ മാറുന്നു. ഇത് പാലിൻ്റെ ഗുരു (ഭാരം കൂടിയ) ഗുണം വർദ്ധിപ്പിക്കുന്നു. ഇത് കോശങ്ങളെ പോഷിപ്പിക്കാനും, ശരീരഭാരം കൂട്ടാനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ കുട്ടികൾക്കും, പ്രസവശേഷമുള്ള അമ്മമാർക്കും, രോഗമുക്തി നേടുന്നവർക്കും ഇത് ഉത്തമമാണ്.
കൂടാതെ, ഇത് പാലിന് ശാന്തമായ സ്വഭാവം നൽകുന്നതിനാൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, അസ്വസ്ഥത എന്നിവ അനുഭവിക്കുന്നവർക്ക് ഇത് വളരെ നല്ലതാണ്.
പാൽ എതിർദിശയിൽ ഇളക്കിയാൽ എന്ത് സംഭവിക്കും?
പാൽ ഘടികാരത്തിൻ്റെ എതിർദിശയിൽ ഇളക്കുന്നത് അതിൻ്റെ ലഘു (ഭാരം കുറഞ്ഞ) ഗുണം വർദ്ധിപ്പിക്കുന്നു. ഇത് ദഹനം എളുപ്പമാക്കുകയും കഫദോഷം സന്തുലിതമാക്കുകയും ചെയ്യുന്നു. അതിനാൽ, ഇത് വൈകുന്നേരങ്ങളിലും, നന്നായി ഭക്ഷണം കഴിച്ച ശേഷവും ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ഇത് എല്ലാ ദിവസവും കഴിക്കുന്നതിന് ശുപാർശ ചെയ്യുന്നില്ല.
പാലും ഔഷധ സസ്യങ്ങളും?
ആയുർവേദമനുസരിച്ച്, ജാതിക്കയും കുങ്കുമപ്പൂവും പാലിൽ ചേർത്ത് ഘടികാരദിശയിൽ ഇളക്കിയാൽ മനസ്സിന് ശാന്തത ലഭിക്കുകയും ഉറക്കമില്ലായ്മ മാറ്റുകയും ചെയ്യും. അതുപോലെ, ഇഞ്ചിയും കറുവപ്പട്ടയും ചേർത്ത് എതിർദിശയിൽ ഇളക്കിയാൽ മെറ്റബോളിസവും രക്തയോട്ടവും വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീരപുഷ്ടിക്ക് പാൽ ഘടികാരദിശയിൽ ഇളക്കി കഴിക്കാനാണ് ആയുർവേദം ഉപദേശിക്കുന്നത് .




