Movie News

കാത്തിരിപ്പ് അവസാനിപ്പിച്ച് ധ്രുവനക്ഷത്രം ഒടുവില്‍ ഉദിക്കുന്നു ; നവംബര്‍ 24 ന് തീയറ്ററുകളില്‍ എത്തും

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ചിയാന്‍ വിക്രമും ഗൗതംമേനോനും ഒന്നിക്കുന്ന കാഴ്ച വിരുന്ന് അടുത്ത മാസം പ്രേക്ഷകരെ തേടിയെത്തും. ആറു വര്‍ഷമായി രണ്ടുപേരുടെയും ആരാധകര്‍ കാത്തിരിക്കുന്ന ധ്രുവനക്ഷത്രം നവംബര്‍ 24 ന് തീയറ്ററുകളില്‍ എത്തിച്ചേരുമെന്ന് സ്ഥിരീകരണമായി.ആരാധകരുടെ ഇടയില്‍ ഇതിനോടകം തന്നെ ആവേശം ജനിപ്പിക്കുന്ന ത്രില്ലിംഗ് ട്രെയിലര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2017-ല്‍ ആദ്യമായി ഒരു കോളിളക്കം സൃഷ്ടിച്ച ഈ ചാരവൃത്തി ത്രില്ലറിനായി വിക്രമും ഗൗതംമേനോനും ഒന്നിക്കുന്നു എന്ന വാര്‍ത്ത തന്നെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ സിനിമയ്ക്ക് തിരിച്ചടികളും കാലതാമസവും നേരിടുകയായിരുന്നു. തുടക്കത്തില്‍ അത്യധികം ആവേശം സൃഷ്ടിച്ചെങ്കിലും, സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടത് ആറ് വര്‍ഷത്തെ ഇടവേളയിലേക്ക് സിനിമയെ നയിച്ചു. 2023-ലാണ് സിനിമ പുനരുജ്ജീവിപ്പിക്കാന്‍ സംവിധായകന്‍ ഗൗതം മേനോന്‍ തീരുമാനിച്ചത്. സിനിമ ചെയ്യാന്‍ ചിയാന്‍ വിക്രമുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. ഗൗതംമേനോന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഹാരിസ് ജയരാജ് തിരിച്ചുവരുന്നു എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ നിറഞ്ഞ ഒരു ഹൈ-ഒക്ടെയ്ന്‍ സ്‌പൈ ത്രില്ലറായിരിക്കുമെന്ന് സിനിമ വാഗ്ദാനം ചെയ്യുന്നു. ജയിലറിലെ വര്‍മ്മന് ശേഷം വിനായകന്‍ വില്ലനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. ഋതു വര്‍മ്മ, സിമ്രാന്‍, രാധിക ശരത്കുമാര്‍, സലിം ബെയ്ഗ്, വംശി കൃഷ്ണ, സതീഷ് എന്നിവരും താരനിരയില്‍ ഉള്‍പ്പെടുന്നു.