Movie News

45 വര്‍ഷം, 156 സിനിമകള്‍ ; 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍; ചിരഞ്ജീവിക്ക് ഗിന്നസ് റെക്കോഡ്

ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളിലെ ഏറ്റവും മികച്ച നര്‍ത്തകരില്‍ ഒരാളായിട്ടാണ് ചിരഞ്ജീവിയെ കരുതിയാല്‍ ഒട്ടും അധികമാകില്ല. ഇതിനകം 24,000 ചുവടുകള്‍ വെച്ചിട്ടുള്ള ചിരഞ്ജീവിയെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ നടന്മാരായ നര്‍ത്തകരിലെ ഏറ്റവും മികച്ച താരമായി ഗിന്നസ് വേള്‍ഡ് റെക്കോഡ് ഞായറാഴ്ച ആദരിച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് ചിരഞ്ജീവിക്ക് കൈമാറി.

മെഗാ സ്റ്റാര്‍ ചിരഞ്ജീവി തന്റെ 156 സിനിമകളില്‍ 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍ 45 വര്‍ഷത്തിനിടെ അവതരിപ്പിച്ചതായി നടനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 1978-ല്‍ മെഗാ സ്റ്റാര്‍ അരങ്ങേറ്റം കുറിച്ച ദിവസം കൂടിയാണ് സെപ്റ്റംബര്‍ 22 ഗിന്നസ് റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റും കൈമാറിയത്. 156 ചിത്രങ്ങളും അദ്ദേഹത്തിന്റെ നൃത്ത പ്രകടനങ്ങളും നന്നായി അവലോകനം ചെയ്തതിന് ശേഷമാണ് റെക്കോഡിന് പരിഗണിച്ചത്. താന്‍ താരത്തിന്റെ വലിയ ആരാധകനാണെന്ന് ചിരഞ്ജീവിക്കൊപ്പം വേദി പങ്കിട്ട സൂപ്പര്‍ താരം ആമിര്‍ ഖാന്‍ പറഞ്ഞു.

‘രുദ്രവീണ’, ‘ഇന്ദ്രന്‍’, ‘ടാഗോര്‍’, ‘സ്വയം ക്രുഷി’, ‘സൈ രാ നരസിംഹ റെഡ്ഡി’, ‘സ്റ്റാലിന്‍’, ‘ഗ്യാങ് ലീഡര്‍’ എന്നിവ അദ്ദേഹത്തിന്റെ ജനപ്രിയ ചിത്രങ്ങളില്‍ ചിലതാണ്. ഈ വര്‍ഷം മെയ് മാസത്തില്‍ ഇന്ത്യന്‍ സിനിമാ ഐക്കണ്‍ വൈജയന്തിമാലയ്‌ക്കൊപ്പം അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് നല്‍കുന്ന രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ അദ്ദേഹത്തിന് ലഭിച്ചു.

”ഈ നിമിഷം അവിസ്മരണീയമാണ്. ഞാന്‍ ഒരിക്കലും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ നിന്ന് അംഗീകാരം തേടിയിട്ടില്ല, പക്ഷേ എന്റെ നൃത്തത്തിന് ലഭിച്ച ബഹുമതി അവിശ്വസനീയമായി തോന്നുന്നു. നൃത്തമാണ് എന്നെ ഒരു താരമാക്കിയത്, എന്റെ കരിയറില്‍ ഉടനീളം നിരവധി പ്രതിഫലങ്ങള്‍ കൊണ്ടുവന്നത്.” സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുമ്പോള്‍ ചിരഞ്ജീവി പറഞ്ഞു.