Oddly News

ഒരു സ്ത്രീയ്ക്ക് രണ്ടു ഗര്‍ഭപാത്രം, രണ്ടിലും കുട്ടികള്‍; ഇരട്ടക്കുട്ടികളുടെ സ്വാഭാവിക ഗര്‍ഭധാരണവും പ്രസവവും

സാധാരണഗതിയില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുക എന്നത് ഒരു അസാധാരണകാര്യമൊന്നുമല്ല. എന്നാല്‍ ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഒരു സ്ത്രീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത് അല്‍പ്പം അസാധാരണം തന്നെയായിരുന്നു. രണ്ടു ഗര്‍ഭപാത്രയുള്ള സ്ത്രീയുടെ രണ്ട് ഗര്‍ഭപാത്രങ്ങളില്‍ നിന്നും രണ്ടു കുട്ടികളുമുണ്ടായി. ഒരു ഗര്‍ഭപാത്രത്തില്‍ നിന്നും ആണ്‍കുട്ടിയും മറ്റേതില്‍ നിന്നും പെണ്‍കുട്ടിയുമായിരുന്നു. ലോകമെമ്പാടുമുള്ള 0.3 ശതമാനം സ്ത്രീകളെ ബാധിക്കുന്ന ഒരു അപൂര്‍വ അവസ്ഥയാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

യൂട്രസ് ഡിഡെല്‍ഫിസ് എന്നറിയപ്പെടുന്ന ശരീരികാവസ്ഥയാണ് ലിയുടെത്. അവള്‍ക്ക് പൂര്‍ണ്ണമായും രൂപപ്പെട്ട രണ്ട് ഗര്‍ഭാശയങ്ങള്‍ ഉണ്ട്. ഓരോന്നിനും അതിന്റേതായ അണ്ഡാശയങ്ങളും ഉണ്ട്. ഈ അപൂര്‍വ അവസ്ഥ അസാധാരണമാണെങ്കിലും, ലീയുടെ കേസിനെ കൂടുതല്‍ അസാധാരണമാക്കുന്നത് രണ്ട് ഗര്‍ഭപാത്രങ്ങളില്‍ ഇരട്ടക്കുട്ടികളുടെ വിജയകരമായ സ്വാഭാവിക ഗര്‍ഭധാരണവും പ്രസവവുമാണ്. ലീ എട്ടര മാസം ഗര്‍ഭിണിയായിരിക്കെ ഷാങ്സി പ്രവിശ്യയിലെ ആശുപത്രിയിലാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്.

ആശുപത്രിയിലെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റായ കായ് യിംഗ് ഈ കേസിനെ ‘ഒരു ദശലക്ഷത്തില്‍ ഒന്ന്’ എന്നാണ് വിശേഷിപ്പിച്ചത്. ‘സ്വാഭാവികമായ ഗര്‍ഭധാരണത്തിലൂടെ രണ്ട് ഗര്‍ഭപാത്രങ്ങളില്‍ ഓരോന്നിലും കുട്ടികളുണ്ടാകുന്നത് വളരെ അപൂര്‍വമാണ്. ചൈനയില്‍ നിന്നും വിദേശത്തുനിന്നും അത്തരം രണ്ട് കേസുകളെ കുറിച്ച് മാത്രമേ കേട്ടിട്ടുള്ളൂ, ”കായ് യിംഗിനെ ഉദ്ധരിച്ച് എസ്സിഎംപി റിപ്പോര്‍ട്ട് ചെയ്തു.

ഈ അവസ്ഥയുള്ള സ്ത്രീകള്‍ ഗര്‍ഭാവസ്ഥയില്‍ പലപ്പോഴും വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു, ഗര്‍ഭം അലസല്‍, മാസം തികയാതെയുള്ള ജനനം, പ്രസവാനന്തര സങ്കീര്‍ണതകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഈ ഗര്‍ഭാവസ്ഥ സങ്കീര്‍ണമാണ്. മുമ്പ് ഇരുപത്തിയേഴാമത്തെ ആഴ്ചയില്‍ ഗര്‍ഭം അലസേണ്ടിവന്ന ലി, ജനുവരിയില്‍ വീണ്ടും ഗര്‍ഭിണിയായി. ഇത്തവണ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാന്‍ സമഗ്രമായ പദ്ധതിയാണ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം ആവിഷ്‌കരിച്ചത്. സിസേറിയനിലൂടെയാണ് ലി തന്റെ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്, ആണ്‍കുട്ടിക്ക് 3.3 കിലോയും പെണ്‍കുട്ടിക്ക് 2.4 കിലോയും ഭാരമുണ്ട്. രണ്ട് കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നു.