Featured Oddly News

കാമുകിയോട് വിവാഹാഭ്യര്‍ത്ഥനയാകാം, പക്ഷേ കേക്കിനുള്ളില്‍ സ്വര്‍ണ്ണമോതിരം വയ്ക്കരുത്…!

കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ അവളെ സര്‍പ്രൈസ് ചെയ്യിക്കാന്‍ നിങ്ങള്‍ക്ക് ഏതറ്റം വരെ പോകാന്‍ കഴിയും? എന്തായാലും പേര് വെളിപ്പെടുത്താത്ത ഒരു ചൈനീസ് യുവാവിന്റെ അത്ര വേണമെന്ന് തോന്നുന്നില്ല. കാമുകി ലീയെ സര്‍പ്രൈസ് ചെയ്യിക്കാന്‍ കേക്കിനുള്ളില്‍ സ്വര്‍ണ്ണമോതിരം വെച്ചായിരുന്നു ഇയാളുടെ നീക്കം. പക്ഷേ വിശന്നുവലഞ്ഞ കാമുകി കേക്ക് കഴിച്ചപ്പോള്‍ മോതിരവും ചവച്ചരച്ചു.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗ്വാങ്ആനില്‍ നടന്ന സംഭവം ലിയു തന്നെയാണ് ചൈനയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കിട്ടത്. ”എല്ലാ പുരുഷന്മാരും ശ്രദ്ധിക്കുക: ഭക്ഷണത്തില്‍ ഒരു പ്രൊപ്പോസല്‍ റിംഗ് ഒരിക്കലും മറയ്ക്കരുത്!” എന്നായിരുന്നു കക്ഷി പങ്കിട്ട വീഡിയോയ്ക്ക് കൊടുത്ത തലക്കെട്ട്. ഒരു സായാഹ്നത്തില്‍ താന്‍ വിശന്നു വലഞ്ഞാണ് വീട്ടിലെത്തിയതെന്നും കാമുകന്‍ തനിക്കായി തയാറാക്കിയ ഇറച്ചി ഫ്‌ലോസ് കേക്ക് കഴിച്ചെന്നും ലിയു തന്റെ പോസ്റ്റില്‍ പറഞ്ഞു.

”കേക്ക് ഇറച്ചി ഫ്‌ലോസിന്റെ കട്ടിയുള്ള പാളി കൊണ്ട് പൊതിഞ്ഞിരുന്നു, അതിനാല്‍ കഠിനമായ എന്തെങ്കിലും കടിക്കുന്നതുവരെ ഞാന്‍ അത് ചവയ്ക്കുകയായിരുന്നു. ഞാന്‍ ഉടനെ അത് തുപ്പി.” അവള്‍ പറഞ്ഞു. തുടക്കത്തില്‍, കേക്കിന്റെ ഗുണനിലവാര പ്രശ്നമാണെന്ന് കരുതിയ ലിയു ബേക്കറിയില്‍ പരാതിപ്പെടാന്‍ തയ്യാറായി. അവളുടെ പരിഭ്രമം ശ്രദ്ധയില്‍പ്പെട്ട കാമുകന്‍ അവള്‍ തുപ്പിയ കേക്കിന്റെ അവശിഷ്ടം പരിശോധിച്ച് ഉടഞ്ഞ മോതിരം തുടച്ചു വൃത്തിയാക്കി കയ്യില്‍ നല്‍കി ”പ്രിയേ, ഞാന്‍ നിനക്ക് നല്‍കാന്‍ ഉദ്ദേശിച്ച മോതിരം ഇതായിരിക്കുമെന്ന് കരുതുന്നു.” അയാള്‍ പറഞ്ഞു.

ആദ്യം തമാശയാണെന്നാണ് ലിയു കരുതിയിരുന്നത്, എന്നാല്‍ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, അത് യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ണ്ണ മോതിരമാണെന്ന് മനസ്സിലാക്കിയപ്പോള്‍ ശരിക്കും ഞെട്ടി. വിഷമത്തിലായ കാമുകന്‍ ഇനിയെന്താണ് ഞാന്‍ ചെയ്യേണ്ടത് ? ഇനിയും മുട്ടുകുത്തണോ? എന്ന് ചോദിച്ചപ്പോള്‍, മുമ്പോട്ട് പോകാന്‍ ലിയു ചിരിച്ചുകൊണ്ട് പറഞ്ഞു. ഒടുവില്‍, തമാശകള്‍ക്കിടയില്‍, കമിതാക്കള്‍ തങ്ങളുടെ ജീവിതം ഒരുമിച്ച് ചെലവഴിക്കാന്‍ സന്തോഷത്തോടെ സമ്മതിച്ചു. ‘ഈ വര്‍ഷത്തെ ഏറ്റവും നാടകീയമായ രംഗം’ എന്നാണ് ലിയു പിന്നീട് ഇതിനെ വിശേഷിപ്പിച്ചത്.