Good News

ടിയാന്‍മെന്‍ സ്‌ക്വയറും വന്‍മതിലുമെല്ലാം കണ്ടു ; 31 കാരന്‍ അമ്മയെ മുതുകില്‍ ചുമന്ന് സഞ്ചരിക്കുന്നു

പത്തുമാസം ചുമന്നു നൊന്തുപെറ്റ അമ്മയെക്കാള്‍ മഹത്തരമായി ഭൂമിയില്‍ മറ്റൊന്നില്ലെന്ന് ചൈനാക്കാരനായ സിയാവോയേക്കാള്‍ നന്നായി മനസ്സിലാക്കിയവര്‍ വേറെയുണ്ടാകില്ല. അതുകൊണ്ടാണ് കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ചുമന്ന മാതാവിനെ 31 കാരന്‍ ചുമലിലേറ്റി ചൈന മുഴുവന്‍ സഞ്ചരിക്കുന്നത്. തളര്‍വാതരോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ സ്വത്ത് വിറ്റാണ് ടൂറു പോയത്.

സിയാവോ മായ്ക്ക് വെറും എട്ട് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഒരു കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പിതാവ് തല്‍ക്ഷണം മരിക്കുകയും മാതാവ് അനങ്ങാന്‍ കഴിയാത്തവിധം കിടക്കയലാകുകയും ചെയ്തു. വാഹനാപകടത്തിന്റെ അനന്തരഫലമായി, പിന്നീട് മാതാവിന് സെറിബ്രല്‍ അട്രോഫി രോഗനിര്‍ണയം നടത്തുകയും ചെയ്തു. അമ്മയെ പരിപാലിക്കാന്‍ സിയാവോയും മൂത്ത സഹോദരിയും നിര്‍ബന്ധിതരായി. പലജോലികള്‍ ചെയ്ത് പണം സമ്പാദിച്ച സിയാവോ ഒടുവില്‍ സിന്‍ജിയാങ്ങില്‍ സ്വന്തം റെസ്റ്റോറന്റും തുറന്നു.

സമ്പാദിച്ച പണത്തിന്റെ ഭൂരിഭാഗവും അമ്മയ്ക്ക് വേണ്ടി ചെലവഴിച്ച സിയാവോയുടെ കഠിനാധ്വാനം ഒടുവില്‍ ഫലം കാണുകയും ചെയ്തു. കിടക്കയില്‍ നിന്ന് ആ സ്ത്രീക്ക് പതുക്കെ ഒരു വീല്‍ചെയറില്‍ ഇരിക്കാനും കുറച്ച് ചെറിയ ചുവടുകള്‍ വെക്കാനും പോലും കഴിഞ്ഞു. എന്നാല്‍ അമ്മയുടെ സെറിബ്രല്‍ അട്രോഫി ചികിത്സിക്കാന്‍ കഴിയില്ലെന്നും സ്ഥിരമായ വേഗതയില്‍ അത് കൂടിക്കൊണ്ടിരിക്കുക ആണെന്നും തിരിച്ചറിഞ്ഞതോടെ സിയാവോ മാതാവിനൊപ്പമുള്ള സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു.

ബിസിനസ്സില്‍ ശ്രദ്ധിക്കുന്നതിന് പകരം അമ്മയെ വിനോദയാത്ര കൊണ്ടുപോകുന്നതിനായി തന്റെ വീടും കാറുമൊക്കെ അയാള്‍ വില്‍ക്കാന്‍ തയ്യാറായി. അമ്മയുടെ പിന്നോട്ട് പോകുന്ന മസ്തിഷ്‌കം ഒരു ചെറിയ കുട്ടിയുടേതിന് സമാനമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കഴിയുന്നിടത്തോളം അമ്മയ്‌ക്കൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കാന്‍ മാ ആഗ്രഹിക്കുന്നു.

മാതാവിനെ പുറത്തേറ്റി ടിയാന്‍ഷാന്‍ പര്‍വതവും ടിയാഞ്ചി തടാകവും സിന്‍ജിയാങ്ങിലെ മറ്റ് സ്ഥലങ്ങളും ബീജിംഗിലെ ടിയാനന്‍മെന്‍ സ്‌ക്വയറും വന്‍മതിലുമെല്ലാം അവര്‍ സഞ്ചരിച്ചു കഴിഞ്ഞു. പ്രായമായ സ്ത്രീക്ക് ഇനി സംസാരിക്കാന്‍ കഴിയില്ല, പക്ഷേ യാത്ര ചെയ്യുമ്പോള്‍ അവള്‍ സദാ പുഞ്ചിരിക്കുന്നു. ടിയാനന്‍മെന്‍ സ്‌ക്വയറില്‍ അമ്മയെ പുറത്തേറ്റി സഞ്ചരിക്കുന്ന 31 കാരന്റെ ഫോട്ടോകള്‍ ചൈനീസ് സോഷ്യല്‍ മീഡിയയിലും വൈറലായി. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പ്രശംസയും പിടിച്ചുപറ്റി.