Good News

ദരിദ്രനായിരുന്നപ്പോള്‍ പഠിക്കാന്‍ സഹായിച്ചത് ഗ്രാമീണര്‍; 1 ലക്ഷംരൂപ വീതം ഓരോരുത്തര്‍ക്കും നല്‍കി ശതകോടീശ്വരന്‍

ദരിദ്രനായിരുന്ന കാലത്ത് വിദ്യാഭ്യാസം ചെയ്യാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് കോടീശ്വരനായപ്പോള്‍ നന്ദിസൂചകമായി സ്‌നേഹം മടക്കിക്കൊടുക്കാനൊരുങ്ങി ചൈനീസ് ശതകോടീശ്വരന്‍. ചൈനീസ് ഭാഗ്യവര്‍ഷത്തില്‍ 1.2 ലക്ഷം രൂപ വീതം 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് ഒരുങ്ങുന്നത്. ഒരു കാലത്ത് തന്നെ വിദ്യാഭ്യാസം ചെയ്യാന്‍ സഹായിച്ചവരോടുള്ള നന്ദിയായിട്ടാണ് പണം നല്‍കുന്നത്.

ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ജെഡി ഡോട്ട് കോമിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ റിച്ചാര്‍ഡ് ലിയു ക്വിയാങ്ഡോംഗ് ആണ് ചൈനീസ് പുതുവര്‍ഷത്തിന് മുന്നോടിയായി നാട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 60 വയസും അതില്‍ കൂടുതലുമുള്ള ഓരോ ഗ്രാമീണര്‍ക്കും 10,000 യുവാന്‍ (ഏകദേശം 1,21,069 രൂപ) നല്‍കുന്നത്. പണത്തിനൊപ്പം ഭക്ഷണം, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിങ്ങനെയുള്ള സമ്മാനങ്ങളും ഉള്‍പ്പെടുന്നു. ഓരോ വീടിനും ആയിരക്കണക്കിന് യുവാന്‍ വിലമതിക്കുന്നു.

ഗ്വാങ്മിംഗ് ഗ്രാമത്തില്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്ന ഒരു കുടുംബത്തിലായിരുന്നു റിച്ചാര്‍ഡ് ലിയു ജനിച്ചത്. പഠിക്കാന്‍ മിടുക്കനായിരുന്ന റിച്ചാഡിന്റെ വിദ്യാഭ്യാസത്തിന് സഹായിച്ചത് നല്ലവരായ ഗ്രാമീണരുടെ പിന്തുണയായിരുന്നു. 1990-കളുടെ തുടക്കത്തില്‍, ചൈന റെന്‍മിന്‍ യൂണിവേഴ്സിറ്റിയില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ബെയ്ജിംഗിലേക്ക് പോയപ്പോള്‍, ഗ്രാമവാസികള്‍ ഒത്തുചേര്‍ന്നു അദ്ദേഹത്തിന്റെ ട്യൂഷന്‍ ഫീസ് ഫണ്ട് ചെയ്യുന്നതിനായി പണസമാഹരണം നടത്തി. 500 യുവാനും (ഏകദേശം 6000 രൂപ) 76 മുട്ടകളും ഗ്രാമീണര്‍ പിരിച്ചു കൊടുത്തിരുന്നു.

ഈ ദയ റിച്ചാര്‍ഡിന്റെ മനസ്സില്‍ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. ജീവിതത്തില്‍ വന്‍വിജയം നേടിയ ശേഷം, 2016 ല്‍ അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. ഗ്രാമീണര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന പാരമ്പര്യം ആരംഭിച്ചു. ഓരോ പ്രായമായ ഗ്രാമീണര്‍ക്കും അദ്ദേഹം ഗണ്യമായ തുക സമ്മാനിക്കുകയും ഓരോ കുടുംബത്തിനും ഭക്ഷണം, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് യുവാന്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ അയയ്ക്കുകയും ചെയ്തു.

ഈ വര്‍ഷവും പതിവ് തുടരുന്ന റിച്ചാര്‍ഡ് സമ്മാനങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാന്‍ അവരുടെ ഗാര്‍ഹിക രജിസ്ട്രിയും തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കാന്‍ ഗ്രാമവാസികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ ആഗോള സമ്പന്നരുടെ പട്ടികയായ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് അനുസരിച്ച്, റിച്ചാര്‍ഡ് ലിയു ക്വിയാങ്ഡോങ്ങിന്റെ ആസ്തി 49.5 ബില്യണ്‍ യുവാന്‍ (6.8 ബില്യണ്‍ ഡോളര്‍) ആയിരുന്നു, അദ്ദേഹം ആഗോള വ്യവസായികളുടെ പട്ടികയില്‍ 427-ാം സ്ഥാനത്തെത്തി.