ചൈനയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ‘ലവ് ലാഡ്ഡർ’ അഥവാ ‘പ്രണയ ഗോവണി’. ഹുനാനിലെ ഫുക്സി പർവ്വതത്തിലാണ് ചൈനയുടെ ‘ലവ് ലാഡർ’ സ്ഥിതി ചെയ്യുന്നത്. ആളുകൾ പലപ്പോഴും കയറാൻ മടിക്കുന്ന ഈ ലവ് ലാഡ്ഡർ അടുത്തിടെ ഒരു അമേരിക്കൻ ഇൻഫ്ലുൻസർ കീഴടക്കിയിരിക്കുകയാണ്. ഏതായാലും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഈ യൂട്യൂബറുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്നാൽ എല്ലാവരും കരുതുന്നതുപോലെ പ്രശസ്ത യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ് അല്ല താരം. പറഞ്ഞുവരുന്നത് ഏഷ്യൻ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തുന്ന ഐഷോ സ്പീഡിനെ കുറിച്ചാണ്.
iShowSpeed ഇതിനകം ചൈനയുടെ ലവ് ലാഡറിൽ നിൽക്കുന്ന നിരവധി വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദൈവമേ’ എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടാണ് ഈ 20 വയസ്സുകാരൻ ഗോവണിക്ക് മുകളിലേക്ക് കയറുന്നത്.
‘ഓ എന്റെ ദൈവമേ! ഓ എന്റെ ദൈവമേ!… ഞാൻ ചൈനയിലാണ് പ്രണയ ഗോവണിയിൽ!… റൊണാൾഡോയെക്കാൾ മികച്ചവൻ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് യുവാവ് മുകളിലേക്ക് കയറുന്നത്.
iShowSpeed ന്റെ വീഡിയോ ഇതിനകം ഏകദേശം 3.4 മില്യൺ വ്യൂസ് നേടിക്കഴിഞ്ഞു. വീഡിയോ വൈറലായതോടെ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചൈനീസ് എംബസി സ്പീഡിന്റെ വീഡിയോ, അടിക്കുറിപ്പോടെ വീണ്ടും പോസ്റ്റ് ചെയ്തു:
“20 വയസുള്ള ജനപ്രിയ അമേരിക്കൻ യു ട്യൂബർ #IShowSpeed # ചൈനയിൽ ഒരു യാത്ര ആരംഭിച്ചിരിക്കുകയാണ്, ഇതിനകം തന്നെ ആ യാത്ര വൻ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇൻഫ്ലുവൻസർമാരുടെ സ്വാധീനം മൂലം വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളെ പരസ്പരം നന്നായി മനസ്സിലാക്കാനും, ചൈനയെയും അതിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെയും കുറിച്ച് വിദേശികൾക്ക് പഠിക്കാനുമുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കപെടുകയും ചെയ്യും” എന്നാണ്.
ചൈനയിലെ പ്രശസ്തമായ ഈ ലവ് ലാഡർ ഒരു മലഞ്ചെരിവിന്റെ അരികിലാണ് സ്ഥിതിചെയ്യുന്നത്, ഇരുവശത്തുമുള്ള വീഴ്ചകളിൽ നിന്ന് പർവതാരോഹകനെ സംരക്ഷിക്കാൻ സംരക്ഷണവേലികൾ പോലും ഇതിലില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ പേരുകേട്ട IShowSpeed,ന്റെ യഥാർത്ഥ പേര് ഡാരൻ ജേസൺ വാട്ട്കിൻസ് ജൂനിയർ എന്നാണ്. അദ്ദേഹത്തിന്റെ ചൈന പര്യടനം ആരംഭിച്ചപ്പോൾ തന്നെ, രാജ്യം സന്ദർശിക്കാൻ ചൈനീസ് സർക്കാർ സ്പീഡിന് പണം നൽകിയതായി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ സംസാരം ഉണ്ടായിരുന്നു. എന്നാൽ , സ്ട്രീമറിന്റെ ക്യാമറാമാൻ സ്ലിപ്സ് ഈ കിംവദന്തികളെ നിഷേധിച്ചു. തന്റെ യാത്രയ്ക്ക് സ്പീഡിന് പണമൊന്നും ലഭിച്ചിട്ടില്ലെന്നും തങ്ങൾ സ്വന്തം ചെലവിലാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.