Crime

വിമാനടിക്കറ്റിന്റെ ചിലവ് ഒഴിവാക്കണം, യാത്രയ്ക്കായി കള്ളൻ മോഷ്ടിച്ചത് എട്ട് കാറുകൾ !

വീട്ടിലേക്കുള്ള വിമാന ടിക്കറ്റിന്റെ ചിലവ് ഒഴിവാക്കാൻ ഒഴിവാക്കാന്‍ ചൈനീസ് യുവാവ് എട്ടു കാറുകള്‍ മോഷ്ടിച്ചു. ഒന്നിനുപുറകേ ഒന്നായി മോഷ്ടിച്ച കാറുകളില്‍ യാത്ര ചെയ്ത ഇയാള്‍ ഒടുവില്‍ കുടുങ്ങുകയും ചെയ്തു. ചെന്‍ എന്ന് വിളിപ്പേരുള്ള യുവാവാണ് മോഷ്ടാവ്. മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയിലൂടെ പോകുമ്പോഴാണ് പിടിയിലായത്.

ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ള ഇയാള്‍ മെയ് 31 ന് 1,500 യുവാന്‍ (200 യുഎസ് ഡോളര്‍) നല്‍കി വീട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. പക്ഷേ അത് ചെലവേറിയതാണെന്ന് കരുതി റദ്ദാക്കി. മുമ്പ് കാര്‍ മോഷ്ടാവായിരുന്ന ചെന്‍ പഴയ ശീലത്തിലേക്ക് മടങ്ങി. രാത്രിയില്‍ പൂട്ടിയിട്ടിട്ടില്ലാത്ത കാര്‍ ഡീലര്‍ഷിപ്പുകളില്‍ കയറി, കാബിനറ്റുകളുടെ താക്കോലുകള്‍ എടുത്ത്, സര്‍വീസ് ചെയ്യാന്‍ കൊടുത്തിരുന്ന വാഹനങ്ങളില്‍ ഒന്ന് അയാള്‍ ഓടിച്ചുകൊണ്ടുപോയി.

അതിന് ശേഷം കാര്‍ പാര്‍ക്കുകളിലേക്ക് കടന്നുകയറി, ഒരു പഴയ മോഡല്‍ കാര്‍ തിരഞ്ഞെടുത്ത് ഇഗ്‌നിഷനില്‍ കൃത്രിമം കാണിച്ച് സ്റ്റാര്‍ട്ട് ചെയ്തു. ഏഴ് നഗരങ്ങളിലൂടെ വടക്കോട്ട് സഞ്ചരിച്ച ചെന്‍ ഈ യാത്രയില്‍ എട്ട് കാറുകള്‍ മോഷ്ടിച്ചു. ഓരോ തവണയും ഇന്ധനം തീര്‍ന്നുപോകുമ്പോള്‍, അയാള്‍ അത് ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുകയായിരുന്നു. പണം ലാഭിക്കാന്‍ വേണ്ടി, ഭക്ഷണത്തിനും റോഡ് ടോളിനും വേണ്ടി അയാള്‍ കാറുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും എടുത്തു.

ചെന്നിന്റെ യാത്ര 14 മണിക്കൂറിലധികം നീണ്ടു . ജൂണ്‍ 2 ന്, മധ്യ ചൈനയിലെ വുഹാനിലുള്ള ഒരു ഷോറൂമിലെ ജീവനക്കാരന്‍ 150,000 യുവാനില്‍ (20,000 യുഎസ് ഡോളര്‍) അധികം വിലയുള്ള ഒരു വാഹനവും കാറിന്റെ താക്കോലും നഷ്ടപ്പെട്ടതായി ശ്രദ്ധിക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. മോഷ്ടിച്ച കാര്‍ പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍, അത് വുഹാനില്‍ നിന്ന് വടക്കോട്ട് പോകുന്നതായി കണ്ടെത്തി.

പിറ്റേന്ന് ഹെബെയ് പ്രവിശ്യയില്‍ വെച്ച് മറ്റൊരു കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ചെന്‍ പിടിക്കപ്പെട്ടിരുന്നു. എന്നാല്‍ അവിടെ നിന്നും ചെന്‍ ഉടമയെ പരിക്കേല്‍പ്പിച്ചു രക്ഷപ്പെട്ടു. ജൂണ്‍ 4 ന്, ഹെബെയ് കാര്‍ പാര്‍ക്കില്‍ ഒരു കാറിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ചെന്നിനെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.

ചെന്‍ ഉപയോഗിച്ച എട്ട് കാറുകള്‍ക്ക് ആകെ ഒരു ദശലക്ഷം യുവാന്‍ (140,000 യുഎസ് ഡോളര്‍) വിലയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങളെല്ലാം കണ്ടെടുത്തിട്ടുണ്ട്. കാര്‍ മോഷണവുമായി ബന്ധപ്പെട്ട ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് 10 വര്‍ഷത്തില്‍ കൂടുതല്‍ തടവും പിഴയും ലഭിക്കാം.