Featured Oddly News

മക്കള്‍ സൂപ്പില്‍ മൂത്രമൊഴിച്ചു; 2.71 കോടി രൂപ മാതാപിതാക്കള്‍ക്ക് പിഴ, മക്കളെ നേരായ രീതിയില്‍ വളര്‍ത്തണമെന്ന് കോടതി

മദ്യപിച്ച് ലക്കുകെട്ട ആണ്‍മക്കള്‍  റസ്റ്റൊറന്‍റിലെ സൂപ്പില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് രണ്ടരക്കോടി രൂപയിലേറെ പിഴ വിധിച്ച് കോടതി. ചൈനയിലാണ്  സംഭവം. 17കാരായ  വു വും താങുമാണ് ഷാങ്ഹായിലെ പ്രസിദ്ധമായ ഹയ്​ഡിലാവോ ഹോട്പോട്  റസ്റ്റൊറന്‍റിലെത്തി സൂപ്പില്‍ മൂത്രമൊഴിച്ചത്.

ജനപ്രിയ റസ്റ്റോറന്റിലെ ഹോട്ട്പോട്ട് ഡിഷിലേക്ക് മൂത്രമൊഴിക്കുന്നത് ചിത്രീകരിച്ച പ്രാങ്ക് നടത്തിയ സംഘത്തിനാണ് വന്‍ തിരിച്ചടി കിട്ടിയത്. 2.2 മില്യണ്‍ യുവാന്‍ (308,000 യുഎസ് ഡോളര്‍) ഇവര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. അതേസമയം, ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാതായ സൂപ്പ് അതിഥികളിലാരെങ്കിലും കുടിച്ചോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇതോടെ സംഭവ ദിവസം മുതല്‍ മാര്‍ച്ച് എട്ടുവരെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച 4000ത്തിലേറെപ്പേര്‍ക്ക് ഹോട്ടലധികൃതര്‍ വന്‍തുക നഷ്ടപരിഹാരവും നല്‍കേണ്ടി വന്നു. 

ഫെബ്രുവരി 24-ന്, ടാങ്, വു എന്നീ പേരുകളുള്ള രണ്ട് 17 കാരാണ് ഷാങ്ഹായിലെ പ്രമുഖ ഹോട്ടല്‍ശൃംഖലയില്‍ വരുന്ന റെസ്റ്റോറന്റുകളില്‍ ഒന്നിലെ ഒരു സ്വകാര്യ മുറിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മോശമായ പ്രവര്‍ത്തി ചെയ്തത്. മദ്യലഹരിയിലായിരുന്ന ഇരുവരും ഡൈനിംഗ് ടേബിളില്‍ കയറി ഹോട്ട്പോ ട്ടിലേക്ക് മൂത്രമൊഴിച്ചു. ടാങ് ഇത് ചെയ്തപ്പോള്‍ വു ഈ പ്രവൃത്തി വീഡിയോയില്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പിന്നീട് വൈറലാകുകയും പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് രണ്ട് പേരേയും അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍ പാര്‍പ്പിച്ചു.

ഭക്ഷണം കഴിക്കാനെത്തിയവരില്‍ പലര്‍ക്കും ബില്‍തുക പൂര്‍ണമായും റീ ഫണ്ട് ചെയ്യുകയോ, ബില്‍ തുകയെക്കാള്‍ പത്തിരട്ടി പണം നല്‍കുകയോ ചെയ്യേണ്ടി വന്നു. മാത്രവുമല്ല അന്നേ ദിവസം ഭക്ഷണം വിളമ്പി വച്ച പാത്രങ്ങളെല്ലാം നശിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്യേണ്ടി വന്നു. വന്‍ ബാധ്യതയാണ് ഹോട്ടല്‍ അധികൃതര്‍ക്ക് ഇതോടെ ഉണ്ടായത്. 23 മില്യണ്‍ യുവാനിലേറെയാണ് ഹോട്ടലിനുണ്ടായ നഷ്ടം. 

കൗമാരക്കാരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പ്രവര്‍ത്തി കാരണം ഹോട്ടലിന് അവരുടെ സല്‍പ്പേര് നശിച്ചുവെന്നും സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നും കോടതി വിലയിരുത്തി. അതേസമയം, ബില്‍ തുകയ്ക്കപ്പുറമായി ഹോട്ടലുടമകള്‍ നഷ്ടപരിഹാരം നല്‍കിയതിന് ചെലവായത് കൗമാരക്കാരില്‍ നിന്ന് ഈടാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കള്‍ മക്കളെ നേരായ രീതിയില്‍ വളര്‍ത്താതിരുന്നതാണ് ഇത്തരമൊരു സാമൂഹിക ദ്രോഹം ഇവര്‍ ചെയ്യുന്നതിനിട വരുത്തിയതെന്നും അതുകൊണ്ട് പണം മാതാപിതാക്കള്‍ തന്നെ അടയ്ക്കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.

പാത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനും വൃത്തിയാക്കല്‍ ഫീസിനും 130,000 യുവാന്‍ (18,000 ഡോളര്‍), പ്രവര്‍ത്തന, പ്രശസ്തി നഷ്ടങ്ങള്‍ക്ക് 2 ദശലക്ഷം യുവാന്‍, നിയമപരമായ ചെലവുകള്‍ക്ക് 70,000 യുവാന്‍ എന്നിവ വിധിയില്‍ ഉള്‍പ്പെടുന്നു. 2023 മെയ് മാസത്തില്‍ ചൈനയിലെ ഒരു കോളേജില്‍ ഒരു കുട്ടി ചോപ്സ്റ്റിക്ക് വന്ധ്യംകരണ യന്ത്രത്തില്‍ തുപ്പിയപ്പോള്‍ പിടിക്കപ്പെട്ടിരുന്നു.