വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞുപോയ തന്റെ ചൈനീസ് സുഹൃത്തിനെ അമേരിക്കക്കാരിക്ക് കണ്ടെത്തിക്കൊടുത്ത് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ട്. 21 വയസ്സുള്ള അമേരിക്കക്കാരി തന്റെ ദീര്‍ഘകാല ബാല്യകാല സുഹൃത്തായിരുന്ന സൈമണ് വേണ്ടിയാണ് റെഡ്‌നോട്ടില്‍ എത്തിയത്. വെറും 22 മണിക്കൂറിനുള്ളില്‍ റെഡ്‌നോട്ട് ഉപയോക്താക്കള്‍ സൈമണെ കാതറീന സീലിയയുടെ അരികിലെത്തിച്ചു.
യുഎസിലെ ടിക്ടോക്ക് ഉപയോക്താക്കള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ടിലേക്ക് ഒഴുകാന്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന കഥ വൈറലാണ്. റെഡ്‌നോട്ടില്‍ ജനുവരി 15 ന് ചേര്‍ന്നശേഷം 20,000-ത്തിലധികം ഫോളോവേഴ്സിനെ റെഡ്‌നോട്ടില്‍ നേടിയ 21 കാരി കാതറീന സീലിയ ഏഴ് വര്‍ഷമായി താന്‍ കണ്ടിട്ടില്ലാത്ത ചൈനീസ് സഹപാഠിയായ സൈമണിനെ കണ്ടെത്താന്‍ ഒരു ശ്രമം നടത്തി. അദ്ദേഹവുമായി വീണ്ടും ബന്ധപ്പെടാന്‍ ചൈനീസ് സമൂഹത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് ഹൃദയംഗമമായ വീഡിയോ പോസ്റ്റ് ചെയ്തു.
2017 മുതല്‍ 2018 വരെ മിഡ്വെസ്റ്റേണ്‍ യുഎസ് സംസ്ഥാനമായ അയോവയിലെ ഒരു സ്വകാര്യ കാത്തലിക് സ്‌കൂളിലാണ് താന്‍ പഠിച്ചതെന്നും ആ സമയത്താണ് സൈമണ്‍ എന്ന ചൈനീസ് വിദ്യാര്‍ത്ഥി തന്റെ ക്ലാസില്‍ ചേര്‍ന്നതെന്നും അവര്‍ പറഞ്ഞു. ഉറ്റസുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും സൈമണ്‍ ചൈനയിലേക്ക് തിരിച്ചുപോയ ശേഷം ഇരുവര്‍ക്കുമിടയിലെ ബന്ധം നഷ്ടപ്പെട്ടു. ”എനിക്ക് അവനെ കണ്ടെത്താന്‍ ഈ ആപ്പിലെ എല്ലാ നെറ്റിസന്‍മാരെയും വേണം. സൈമണ്‍ ഞാന്‍ നിന്നെ മിസ് ചെയ്യുന്നു, ഞങ്ങളുടെ സൗഹൃദം ഞാന്‍ മിസ് ചെയ്യുന്നു,” അവള്‍ കുറിച്ചു.
റെഡ്‌നോട്ട് ചൈനയില്‍ ‘ചെറിയ ചുവന്ന പുസ്തകം’ എന്ന് അര്‍ത്ഥം വരുന്ന ‘സിയാവോങ്ഷൂ’ എന്നാണ് അറിയപ്പെടുന്നത്. എന്തായാലും കാതറീനയുടെ വീഡിയോ വൈറലായി. എഴുതുന്ന സമയത്ത് 45,000-ലധികം ലൈക്കുകളും 4,000 കമന്റുകളും ഉണ്ടായി. ജോഡിയെ വീണ്ടും ബന്ധിപ്പിക്കാന്‍ സഹായവുമായി നിരവധി ചൈനീസ് നെറ്റിസണ്‍മാര്‍ കച്ചകെട്ടിയിറങ്ങി. അവര്‍ നിര്‍ദേശിച്ചത് അനുസരിച്ച് സീലിയ തന്റെയും സൈമണിന്റെ ഒരു പഴയ ഫോട്ടോയും പങ്കിട്ടു. ഇത് സൈമണെ അറിയാവുന്ന ഒരാളുടെ ശ്രദ്ധയില്‍ പെട്ടു.
24 മണിക്കൂറിനുള്ളില്‍, സൈമണ്‍ എന്ന് അവകാശപ്പെടുന്ന ഒരു ഓണ്‍ലൈന്‍ കാഴ്ചക്കാരന്‍ സീലിയയുടെ വീഡിയോയ്ക്ക് കീഴില്‍ ഒരു കമന്റ് ഇട്ടു. ”എല്ലാവര്‍ക്കും ഹലോ, ഞാന്‍ സൈമണ്‍ ആണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്റെ നല്ല സുഹൃത്തുമായി ഇതുപോലെ വീണ്ടും ബന്ധപ്പെടാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സഹായിച്ച റെഡ്നോട്ടിലെ എല്ലാവര്‍ക്കും നന്ദി”. പിന്നാലെ ജനുവരി 20 ന്, തിരയലിനോട് പ്രതികരിക്കുകയും അഗാധമായ നന്ദി പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം സ്വന്തം വീഡിയോ പോസ്റ്റ് ചെയ്തു. ജനുവരി 16 ന് താനും സൈമണും ഒരു വീഡിയോ കോള്‍ നടത്തിയതായി സീലിയ പിന്നീട് റെഡ് സ്റ്റാര്‍ ന്യൂസിനോട് പറഞ്ഞു.
”ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ വീണ്ടും ബന്ധപ്പെടുകയും ചാറ്റ് ചെയ്യുകയും പഴയ കാലത്തെ ഓര്‍മ്മകള്‍ തപ്പിയെടുക്കുകയും ചെയത്ു. ഒരുപക്ഷേ ഒരു ദിവസം, ഞങ്ങള്‍ ഇവിടെ യുഎസില്‍ വീണ്ടും കാണും.”അവള്‍ പറഞ്ഞു. എന്നാല്‍ പിന്നെ എല്ലാക്കാലവും ഒരുമിച്ചിരിക്കാന്‍ പ്രണയിച്ചുകൂടെ എന്ന് ചിലര്‍ തമാശയായി ചോദിച്ചെങ്കിലും തങ്ങള്‍ക്കിടയില്‍ പരിശുദ്ധമായ ഒരു സ്‌നേഹമാണ് നില നില്‍ക്കുന്നതെന്നും ഒട്ടും ‘മാംസനിബദ്ധമല്ല’ എന്നുമാണ് ഇരുവരും പറഞ്ഞത്. സൈമണ്‍ നിലവില്‍ യുഎസില്‍ ഒരു ഡിസൈനറാണ്. രണ്ടുപേരും അമേരിക്കയില്‍ ഉണ്ടായിട്ടും പരസ്പരം ബന്ധിപ്പിക്കാന്‍ ഒരു സാമൂഹ്യമാധ്യമം വേണ്ടി വന്നല്ലോ എന്നാണ് കഥ കേട്ടവരുടെ കൗതുകം.