സിനിമാക്കഥ പോലെയാണ് എല്ലാം. ഒരു വാഹനാപകടം രണ്ടുപേരെ ഒരുമിപ്പിച്ചതിന്റെ അനേകം കഥകള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. ചൈനയിലെ 23 കാരിയായ പേരു വെളിപ്പെടുത്താത്ത സ്ത്രീയും 36 കാരനായ ബിസിനസുകാരന് ലീയേയും ജീവിതത്തില്‍ ഒരുമിപ്പിച്ചത് ഒരു വാഹനാപകടമായിരുന്നു. ഫെബ്രുവരിയിലാണ് ഇവര്‍ വിവാഹിതരായത്.
2023 ഡിസംബറിലാണ് അവര്‍ പരസ്പരം ആദ്യമായി കണ്ടുമുട്ടിയത്. ഒരു അത്യാവശ്യകാര്യത്തിനായി അതിവേഗം പോകുമ്പോള്‍ ലീ ഓടിച്ചിരുന്ന കാര്‍ ഇലക്ട്രിക് സൈക്കിള്‍ ഓടിച്ചിരുന്ന അജ്ഞാത സ്ത്രീയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അയാള്‍ ഉടന്‍ തന്നെ കാറില്‍ നിന്നും ഇറങ്ങി അവളെ പരിശോധിച്ചു. കഴുത്തെല്ല് തകര്‍ന്നതായി പിന്നീട് കണ്ടെത്തി. വീണു നിലത്ത് കിടക്കുമ്പോള്‍ തന്നെ അയാള്‍ അവളോട് ക്ഷമാപണം നടത്തിയപ്പോള്‍ ‘സാരമില്ല’ എന്നായിരുന്നു മറുപടി. അപ്പോള്‍ തന്നെ അവള് ഒരു ദയാലുവാണെന്ന് തിരിച്ചറിഞ്ഞതായി ലീ പറയുന്നു.
യുവതിയുടെ മാതാപിതാക്കളും ലിയെ കുറ്റപ്പെടുത്തുകയോ നഷ്ടപരിഹാരം ആവശ്യപ്പെടുകയോ ചെയ്തില്ല. പ്രത്യുപകാരമായി, ലീ അവളുടെ എല്ലാ ചികിത്സാചെലവും വഹിച്ചു. ദിവസവും ആശുപത്രിയില്‍ എത്തി. ഇതിനിടയില്‍ ഇരുവരും വിശേഷങ്ങള്‍ സംസാരിക്കുകയും പരസ്പരം അറിയുകയും ചെയ്തു. അപകടം നടന്ന് മൂന്നാഴ്ച പിന്നീട്ടപ്പോള്‍ തന്നെ ലീയോട് യുവതി തന്റെ പ്രണയം തുറന്നുപറഞ്ഞു.
തനിക്ക് പ്രായമേറെയായെന്ന് പറഞ്ഞ് ലീ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലൂം അവള് സമ്മതിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം, ലീ അവളോടൊപ്പം ഒരു സിനിമ കാണാന്‍ പോയി. ബന്ധം കൂടുതല്‍ ദൃഡമായി കഴിഞ്ഞ സെപ്റ്റംബറില്‍ അവള് ഗര്‍ഭിണിയായി. പിന്നാലെ ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരുമായി. ബിസിനസുകാരനായ ലീ ന് കടത്തിന് നടുവിലാണ്. ഭാര്യ ഇപ്പോള്‍ സര്‍വകലാശാല ബിരുദം നേടിയ ശേഷം ഒരു പ്രാദേശിക ചായക്കടയില്‍ ജോലി ചെയ്യുന്നു.
തന്നെ കാണുന്നതിന് മുമ്പ് തന്റെ ലൈഫ് പ്ലാനില്‍ വിവാഹം ഉണ്ടായിരുന്നില്ലെന്ന് ലി പറഞ്ഞു. ഭാര്യയുടെ ‘ധീരതയ്ക്ക്’ അയാള്‍ നന്ദി പറഞ്ഞു. ജോലിസ്ഥലത്തോട് അടുത്തായതിനാല്‍ ഭാര്യയുടെ കുടുംബത്തോടൊപ്പം താമസിക്കുന്ന ലി, ഭാര്യയും അവരുടെ മാതാപിതാക്കളും തന്നോട് വളരെ നന്നായി പെരുമാറുന്നുവെന്ന് പറഞ്ഞു. കടബാധ്യതയിലാണെന്ന് അറിഞ്ഞുകൊണ്ട് അയാള്‍ തയ്യാറാക്കിയ 188,000-യുവാന്‍ വധുവില പോലും ഭാര്യയുടെ കുടുംബം നിരസിക്കുകയും ആ പണം അവന്റെ ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് മാസത്തിനുള്ളില്‍ തനിക്ക് ഉണ്ടായ ആറാമത്തെ ആക്സിഡന്റാണ് തങ്ങളെ ബന്ധിപ്പിച്ചതെന്നും അതിന് ശേഷം അപകടം ഉണ്ടായിട്ടേയില്ലെന്നും അയാള്‍ പറഞ്ഞു.