പൂനെ: അവധിയാഘോഷിക്കാനെത്തിയ ഏഴംഗ കുടുംബം വെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍. പൂനെയിലെ ലോണാവാല പ്രദേശത്ത് ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബം ഒഴുകിപ്പോകുന്ന വീഡിയോ ഇതിനകം വൈറലാണ്. മൂന്ന് പേര്‍ മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് രണ്ടുപേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷാഹിസ്ത ലിയാഖത്ത് അന്‍സാരി (36), അമീമ ആദില്‍ അന്‍സാരി (13), ഉമേര ആദില്‍ അന്‍സാരി (8) എന്നിവരാണ് മരിച്ചത്.
താഴത്തെ ജലസംഭരണിയില്‍ നിന്നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. അദ്നാന്‍ സഭാഹത് അന്‍സാരി (4), മരിയ അഖില്‍ അന്‍സാരി (9) എന്നിവരെ ഇപ്പോഴും കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ‘വന്യജീവ് രക്ഷക് മാവലിലെ സന്നദ്ധപ്രവര്‍ത്തകര്‍, ശിവദുര്‍ഗ് റെസ്‌ക്യൂ ടീം, നേവിയിലെ മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ കാണാതായ കുട്ടികളെ കണ്ടെത്താന്‍ ഞായറാഴ്ച വൈകുന്നേരം വരെ തിരച്ചില്‍ നടത്തി. തിങ്കളാഴ്ച തിരച്ചില്‍ പുനരാരംഭിക്കുമെന്നാണ് വിവരം.
ലോണാവാലയിലെ ഒരു വെള്ളച്ചാട്ടത്തിന് നടുവില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഒരു പുരുഷനും സ്ത്രീയും കുട്ടികളും പരസ്പരം മുറുകെ പിടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പിന്നീട് ഇവര്‍ വെള്ളത്തില്‍ ഒഴുകിപ്പോകുന്നത് കാണാം. പോലീസ് പറയുന്നതനുസരിച്ച്, പൂനെയിലെ ഹഡപ്സര്‍ ഏരിയയിലെ സയ്യദ് നഗറില്‍ നിന്നുള്ള ഒരു കുടുംബത്തിലെ 16-17 അംഗങ്ങള്‍ ഞായറാഴ്ച ശക്തമായ മഴയുള്ള ദിവസം പിക്‌നിക്കിനായി എത്തിയതായിരുന്നു. ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാന്‍ കുടുംബം പോയെങ്കിലും പ്രദേശത്ത് കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് ഉയര്‍ന്ന് ഒഴുകിയെത്തിയപ്പോള്‍ അറിയാതെ പെട്ടുപോയി.
പൊടുന്നനെയുള്ള മലവെള്ളപ്പാച്ചിലില്‍ പത്തോളം പേര്‍ ഒഴുകിപ്പോയി, അവരില്‍ ചിലര്‍ രക്ഷപ്പെട്ടു, ഒരു പെണ്‍കുട്ടിയെ മറ്റ് വിനോദയാത്രക്കാര്‍ രക്ഷപ്പെടുത്തി. മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ലോണാവാല മനോഹരമായ സ്ഥലം എന്ന നിലയില്‍ വിനോദസഞ്ചാരികളുടെ ഇഷ്ടമേഖലയാണ്. മഴക്കാലം ആരംഭിക്കുമ്പോള്‍ ആയിരക്കണക്കിന് പേരാണ് ഭൂഷി, പാവന അണക്കെട്ട് മേഖലകള്‍ സന്ദര്‍ശിക്കാനായി ഇവിടേയ്ക്ക് എത്തുന്നത്. അതേസമയം ഇവിടെ നിന്നും ഉള്ളിലേക്ക് പോകരുതെന്നും മലവെള്ളപ്പാച്ചിലുമായി ബന്ധപ്പെട്ടുള്ള പോലീസിന്റെയും പ്രാദേശിക അധികാരികളുടെയും മുന്നറിയിപ്പുകള്‍ സഞ്ചാരികള്‍ അവഗണിക്കാറാണ് പതിവ്. നിരവധി മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, ഭൂഷി അണക്കെട്ടിന് മുകളിലുള്ള മലയോര പ്രദേശങ്ങളില്‍ ആളുകള്‍ അപകടകരമായ പ്രദേശങ്ങളിലേക്ക് കടക്കുന്നത് തുടരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഭൂഷി ഡാം മേഖലയിലെ വെള്ളച്ചാട്ടത്തിനടിയില്‍ ഞായറാഴ്ച നിരവധി ആളുകള്‍ ഉണ്ടായിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഞായറാഴ്ച 50,000-ത്തിലധികം ആളുകള്‍ ലോണാവാല സന്ദര്‍ശിച്ചതായിട്ടാണ് പോലീസ് പറയുന്നത്.